Join News @ Iritty Whats App Group

പ്രവാസിവ്യവസായിയുടെ കൊലപാതകം ; വാടകയ്ക്ക് താമസിക്കുന്ന സഹായികള്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തു ; അറബി മന്ത്രത്തകിടിന് ഈടാക്കിയത് 55,000 രൂപ

കാസര്‍ഗോഡ്: പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജിന്നുമ്മയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പോലീസ് കണ്ടെത്തിയെന്നു സൂചന. ഇതിനെക്കുറിച്ചും അനേ്വഷണം നടത്തും.

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹായികളില്‍ ചിലര്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതായി കണ്ടെത്തി. മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയതും അടക്കമുള്ള തെളിവുകളും അനേ്വഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. സ്വര്‍ണ നിറമുള്ള ഇൗയക്കടലാസിലെഴുതിയ അറബി മന്ത്രത്തകിടിന് ഇരയില്‍ നിന്നും ഇൗ സംഘം 55,000 രൂപ ഇൗടാക്കി വന്നതടക്കമുള്ള വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റ് സംരംഭങ്ങളും ഉള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ കഴിഞ്ഞ വര്‍ഷം റംസാന്‍ മാസത്തിലെ 25-ാം നാള്‍ വെള്ളിയാഴ്ച രാത്രിയിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൗ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്ന് തന്നെ മൃതദേഹം ഖബറടക്കിയിരുന്നു.

പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അനേ്വഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് ആകെ 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പന്തികേട് തിരിച്ചറിഞ്ഞ് മകന്‍ മുസമ്മില്‍ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതോടെ ബേക്കല്‍ പോലീസ് കേസെടുക്കുകയായിരുന്നു. കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകളാണ് അബ്ദുള്‍ ഗഫൂര്‍ വധക്കേസില്‍ അനേ്വഷണം ഉൗര്‍ജിതമാകാന്‍ കാരണം.

ഗഫൂറിന്റെ കുടുംബാംഗങ്ങളും കര്‍മസമിതി അംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ 40 പേരെ അനേ്വഷണ സംഘം ചോദ്യംചെയ്തിരുന്നു.ചോദ്യംചെയ്യലിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ത്തി മന്ത്രവാദിനിയുടെ സഹായികള്‍ അനേ്വഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. വീഡിയോ ചിത്രീകരണമടക്കം സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് സംശയമുള്ളവരെ ചോദ്യംചെയ്തതെന്ന് വ്യക്തമാക്കി ആരോപണങ്ങള്‍ പോലീസ് തള്ളിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group