Join News @ Iritty Whats App Group

നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് സമൂഹവിവാഹ വേദിയില്‍ പ്രതിഷേധവും തര്‍ക്കവും ; 35 വധൂവരന്മാര്‍ അണിനിരന്നതില്‍ 26 പേര്‍ പിന്മാറി, കല്യാണം നടന്നത് ഒമ്പതെണ്ണം


ചേര്‍ത്തല: സമൂഹ വിവാഹ സംഘാടകര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് വിവാഹ വേദിയില്‍ വധൂവരന്‍മാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധവും തര്‍ക്കവും. 35 ദമ്പതികളുടെ സമൂഹ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും തര്‍ക്കം മുലം നടന്നത് ഒന്‍പത് വിവാഹങ്ങള്‍ മാത്രം. 26 പേര്‍ വിവാഹത്തില്‍നിന്നു പിന്‍മാറി.

വാക്കേറ്റം മുറുകിയതോടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. വിവാഹത്തില്‍നിന്നു പിന്‍മാറിയ 22 പേരുടെയും രണ്ട് നവ ദമ്പതികളുടെയും പരാതിയില്‍ സംഘാടകര്‍ക്കെതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു. ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്‌നേഹ ഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഇന്നലെ 35 ദമ്പതികളെ പങ്കെടുപ്പിച്ച് സമൂഹ വിവാഹം സംഘടിപ്പിച്ചത്.

ഇതര ജില്ലകളില്‍നിന്നുമാണു സംഘാടകര്‍ വധൂവരന്‍മാരെ തെരഞ്ഞെടുത്തത്. ഇടുക്കിയിലെ മുതുവാന്‍, മണ്ണാന്‍ സമുദായങ്ങളില്‍നിന്നു മാത്രം 22 വധൂവരന്‍മാരെത്തിയിരുന്നു. സ്വര്‍ണത്തിന്റെ താലി മാലയും രണ്ടു ലക്ഷം രൂപയും വിവാഹ വസ്ത്രങ്ങളും നല്‍കാമെന്ന് പറഞ്ഞാണ് സംഘാടകര്‍ വിവാഹത്തിന് ക്ഷണിച്ചതെന്ന് സമുദായ നേതാവ് തങ്കന്‍ പറഞ്ഞു. വിവാഹത്തിന് മുന്‍പായി നടത്തിയ കൗണ്‍സലിങ്ങിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നത്രേ.

പണവും സ്വര്‍ണവും ചെലവുകളും സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെയും സംഭാവനകളിലൂ ടെയും ഉറപ്പാക്കിയിട്ടുണ്ടന്ന് സംഘാടകര്‍ അറിയിച്ചിരുന്നതായും പറഞ്ഞു. വിവാഹത്തിനെത്തിയപ്പോഴാണു താലിയും, വധൂവരന്മാര്‍ക്കുള്ള വസ്ത്രങ്ങളും മാത്രമാണുള്ളതെന്നു സംഘാടകര്‍ പറഞ്ഞതെന്ന് തങ്കന്‍ വിശദീകരിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണു വിവാഹ വേദിയില്‍ ബഹളത്തിനും വാക്കേറ്റത്തിനും വഴിതെളിച്ചത്. ഇടുക്കിയില്‍നിന്ന് എത്തിയവരും മറ്റും വിവാഹ വേദിയില്‍ കയറി മുദ്രാവാക്യം വിളിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ രണ്ട് വട്ടം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമായില്ല.

പിന്നീട് കൂടുതല്‍ പോലീസെത്തി വേദിയില്‍ നിന്നവരെ താഴെയിറക്കിയ ശേഷമാണ് ഒന്‍പത് പേരുടെ വിവാഹം നടത്തിയത്. ഇടുക്കിയില്‍ നിന്നുള്ള വധൂവരന്‍മാരോടൊപ്പം 75 പേര്‍ വാഹനങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ വന്ന വാഹനങ്ങളുടെ വാടകയ്ക്കുള്ള പണം പോലും സംഘാടകര്‍ നല്‍കില്ലെന്നാരോപിച്ച് ഓഡിറ്റോറിയ പരിസരത്തും തുടര്‍ന്ന് ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലും അവര്‍ പ്രതിഷേധം ഉയര്‍ത്തി.

പോലീസിന്റെ സാന്നിധ്യ ത്തില്‍ സംഘാടകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 25,000 രൂപ വാഹനങ്ങളുടെ വാടകയായി നല്‍കി. ആലപ്പുഴ ഡിവൈ.എസ്.പി: എം.ആര്‍ മധുബാബു, ചേര്‍ത്തല എസ്.ഐ. കെ.പി.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതി നിയന്ത്രിച്ചത്.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group