ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതിയെന്ന് ഡോക്ടർമാർ. 9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോൾ വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും പുറത്തുവന്ന ആശ്വാസ വാർത്ത. രണ്ട് ദിവസം മുൻപ് മുതൽ ഇടയ്ക്കിടെ കുട്ടിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി നോക്കിയിരുന്നു. ഇപ്പോൾ ജീവൻരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ കുട്ടി ശ്വസിക്കാൻ തുടങ്ങിയത് വലിയ ആശ്വാസമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
'പുഷ്‍പ 2' ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും
എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിലാണ്. തലച്ചോറിനേറ്റ മാരകമായ ക്ഷതം മൂലം കുട്ടി കണ്ണ് തുറക്കുകയോ ശബ്ദങ്ങളോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഭക്ഷണം ഇപ്പോഴും ട്യൂബിലൂടെ തന്നെയാണ് നൽകുന്നത്. തലച്ചോറിന്‍റെ മാരകപരിക്കുകൾ മെച്ചപ്പെടാൻ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ ഐ സി യുവിലാണ് കുട്ടി ഇപ്പോഴുമുള്ളത്.
ഇതിനിടെ അല്ലു അർജുനും പുഷ്പ 2 വിന്‍റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേർന്ന് ശ്രീതേജിന്‍റെ കുടുംബത്തിന് രണ്ട് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ അല്ലു അർജുനെ നരഹത്യക്കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസ് മൂന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
Post a Comment