കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതകത്തിൽ ഡിസംബർ 28 ന് വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഈ മാസം 28 ന് വിധി പറയുന്നത്. സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ. ആകെ 24 പ്രതികളുളള കേസിൽ 270 സാക്ഷികളുണ്ടായിരുന്നു. പി. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിപിഎം കാസർകോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്.
2019 ഫെബ്രുവരി 17- നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തുന്നത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തി. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.
ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ എം മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെകൂടെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. എങ്കിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്റ്റംബർ 30-ന് കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
Post a Comment