ഉമ തോമസ് എംഎല്‍എ അപകടനില തരണം ചെയ്തുവെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് റെനൈ മെഡിസിറ്റി. ഉമ തോമസ് 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോ. കൃഷ്ണന്‍ ഉണ്ണി പോളക്കുളത്ത് വ്യക്തമാക്കി.
എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ അല്ല. ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. വെന്റിലേറ്ററില്‍ തന്നെയാണ്. ഒന്ന്, രണ്ട്, മൂന്ന് വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ഒന്നാം വാരിയെല്ല് പൊട്ടുക എന്ന് പറഞ്ഞാല്‍ അത് ഗുരുതര പരിക്ക് തന്നെയാണ്. അതാണ് ശ്വാസകോശത്തില്‍ രക്തം കട്ടപ്പിടിക്കുന്നതിന് കാരണമായത്.
ഇക്കോസ്പ്രിന്‍ ഗുളിക കഴിക്കുന്നതിനാലാണ് രക്തം കട്ടപിടിക്കാന്‍ സമയം എടുത്തത്, കുറച്ച് അധികം രക്തം പോയിട്ടുണ്ട്. നട്ടെല്ലിന് ചെറിയ പരിക്കുണ്ട്. ഐസിയുവില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉമാ തോമസ് എംഎല്‍എയുടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡപ്യൂട്ടി സൂപ്രണ്ടും അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റുമായ ഡോ.ആര്‍.രതീഷ് കുമാര്‍, ഡോ.ഫിലിപ് ഐസക്, ഡോ.പി.ജി.അനീഷ് എന്നിവരാണുള്ളത്.
മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ നിയോഗിച്ചത്. ഉമാ തോമസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു. ഡോ.ടി.കെ.ജയകുമാറാണു മെഡിക്കല്‍ ബോര്‍ഡിന്റെയും അധ്യക്ഷന്‍.
Post a Comment