കണ്ണൂർ: കുഞ്ഞിമംഗലത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നയാൾ പിടിയിൽ. തമിഴ്നാട് സ്വദേശി പാച്ചിയമ്മയാണ് പിടിയിലായത്. സിസിടിവി ക്യാമറ, ഇലക്ട്രിക്ക് കേബിൾ, ബാത്ത്റൂം ഫിറ്റിംങ്സ് തുടങ്ങിയവയാണ് ഇവർ മോഷ്ടിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് മോഷണം നടന്നത്. പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പാച്ചിയമ്മ കുതിരുമ്മലിലെ വിനീതിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് എത്തി. 15 ലക്ഷം രൂപ വില വരുന്ന നിർമാണ സാമഗ്രികൾ അവിടെ നിന്നും കടത്തുകയായിരുന്നു.
മോഷ്ടിച്ച സാധനങ്ങൾ ആക്രിക്കടയിൽ കൊടുത്ത് പണം വാങ്ങിയ ശേഷം ഒന്നുമറിയാത്ത പോലെ മടങ്ങി. പരാതി ലഭിച്ചത് പ്രകാരം അന്വേഷണം നടത്തിയ പയ്യന്നൂർ പൊലീസ് പ്രതിയെ കണ്ടെത്തി പിടികൂടി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാച്ചിയമ്മ പിടിയിലായത്. കൂടുതൽ പേർ മോഷണത്തിന് പിന്നിലുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇത്രയും സാധനങ്ങൾ കടത്തി കൊണ്ടുപോകാൻ ഒറ്റക്ക് സാധിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment