കൊച്ചി : കുവൈത്തിലെ ബാങ്കില്‍നിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന പരാതിയില്‍ 1,425 മലയാളികള്‍ക്കെതിരേ അേന്വഷണം. മൊത്തം 700 കോടി രൂപയുടെ തട്ടിപ്പാണു നടന്നത്. കുവൈത്തിലെ ഗര്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി പരാതി നല്‍കിയതിനെത്തുടര്‍ന്നു നിലവില്‍ പത്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളുടെ മേല്‍നോട്ടച്ചുമതല ദക്ഷിണമേഖല ഐ.ജിക്കാണ്. ജില്ലാ ക്രൈംബ്രാഞ്ച് അനേ്വഷിക്കും.
50 ലക്ഷം മുതല്‍ രണ്ടുകോടി വരെയാണു പലരും വായ്പ എടുത്തത്. തട്ടിപ്പു നടത്തിയവരില്‍ കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ജോലി ചെയ്തിരുന്ന 700 മലയാളി നഴ്‌സുമാരുമുണ്ട്. യു.കെയിലേക്കാണു മിക്കവരും മുങ്ങിയിരിക്കുന്നത്. ഒരു മാസം മുമ്പാണു കുവൈത്തിലെ ബാങ്ക് അധികൃതര്‍ കേരള പോലീസിനെ തട്ടിപ്പുവിവരം അറിയിച്ചത്. ബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്തെത്തി എ.ഡി.ജി.പി. മനോജ് ഏബ്രഹാമിനെ കണ്ടു.
തട്ടിപ്പുനടത്തിയവരുടെ വിലാസമടക്കമാണു പരാതി നല്‍കിയത്. 2020-22 കാലത്ത് ബാങ്കില്‍ നിന്ന് ചെറിയ വായ്പയെടുക്കുകയും കൃത്യമായി തിരിച്ചടിക്കുകയും ചെയ്തു. പിന്നീട് രണ്ടു കോടി വരെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. കുറച്ചുപേര്‍ കേരളത്തിലേക്കും മടങ്ങി. ഭാര്യയും ഭര്‍ത്താവും വായ്പയെടുത്തു മുങ്ങിയ സംഭവങ്ങളാണു കൂടുതലും. തിരിച്ചടവു മുടങ്ങിയതോടെയാണ് ബാങ്ക് അനേ്വഷണം തുടങ്ങിയത്. വിദേശത്ത് തട്ടിപ്പ് നടത്തി രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്കെതിരേ ഇന്ത്യയില്‍ കേസെടുക്കാന്‍ നിയമപ്രകാരം സാധിക്കും. നിലവില്‍ എറണാകുളം, കോട്ടയം ജില്ലകളിലാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യു.കെയിലെത്തിയ മലയാളികളില്‍ പലരും വീടുവാങ്ങാനായി അവിടെയുള്ള ബാങ്കുകളെ സമീപിച്ചപ്പോഴാണു തട്ടിപ്പിനെക്കുറിച്ചു സൂചന ലഭിച്ചത്. വന്‍ തുക ഡെപ്പോസിറ്റ് നല്‍കാന്‍ തയാറാണെന്ന് ഇവര്‍ ബാങ്കുകളെ അറിയിച്ചിരുന്നു. എന്നാല്‍, യു.കെയിലെ ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോര്‍ ചെയ്യുന്നതിന്റെ ഭാഗമായി അക്കൗണ്ടിലുള്ള പണത്തിന്റെ സ്രോതസ് ചോദിച്ചപ്പോള്‍ പലര്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. യു.കെയില്‍ നടത്തിയ അനേ്വഷണത്തില്‍ ഇവര്‍ കുവൈത്തില്‍നിന്നാണു വന്നതെന്നു വ്യക്തമായി. തുടര്‍ന്നാണു കുവൈത്തിലെ ബാങ്കുകള്‍ക്കു വിവരം ലഭ്യമായത്. രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി ഇത്തരം വിവരങ്ങള്‍ കൈമാറുന്നത് സ്വാഭാവിക നടപടിയാണ്.
Post a Comment