ഹൈദരാബാദ്: സമ്പന്നനായ സഹോദരനോടുള്ള അസൂയ കാരണം വീട് കൊള്ളയടിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. 11 പേരെയും കൊണ്ടാണ് ഹൈദരാബാദ് സ്വദേശിയായ യുവാവ് തന്റെ ജ്യേഷ്ഠന്റെ വീട്ടിൽ കയറി മോഷ്ടിച്ചത്. കോടികളും കത്തികളും വെട്ടുകത്തികളും തോക്കുമെല്ലാം ഈ സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. ഒന്നേകാൽ കോടിയോളം രൂപയാണ് ജ്യേഷ്ഠന്റെ വീട്ടിൽ നിന്ന് അനുജൻ കൈക്കലാക്കിയത്.
ഹൈദരാബാദ് സ്വദേശിയായ ഇന്ദ്രജിത് ഘോസായ് എന്നയാളാണ് പിടിയിലായത്. ആയുധങ്ങളും തോക്കുമായി ഇയാൾ സഹോദരന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. സ്വർണാഭരണ വ്യാപാരിയായ ഇന്ദ്രജിത്തിന് തന്റെ ബിസിനസിൽ വൻ നഷ്ടം നേരിട്ടിരുന്നു. ഇതിന് പുറമെ ആർഭാട ജീവിതം കൂടിയായപ്പോൾ കൈയിൽ കാശൊന്നും ഇല്ലാതെയായി. അതേസമയം തന്നെ ബിസിനസിൽ വിജയിച്ച് നല്ല നിലയിൽ ജീവിക്കുന്ന സഹോദരനോടുള്ള അസൂയ കാരണമാണ് മോഷണത്തിന് പദ്ധതിയിട്ടതെന്ന് ഇയാൾ പിന്നീട് പൊലീസിനോട് പറഞ്ഞു.
12 പേരടങ്ങിയ സംഘം ഒരു എസ്.യു.വിയിലാണ് വീട്ടിലെത്തിയത്. അകത്തേക്ക് ഇരച്ചു കയറി സംഘം സ്വർണം, വെള്ളി ആഭരണങ്ങളും പിച്ചള കൊണ്ട് നിർമിച്ച സാധനങ്ങളും ഒരു കാറും 2.9 ലക്ഷം രൂപയും കൊണ്ടുപോയി. എല്ലാം കൂടി 1.20 കോടിയുടെ സാധനങ്ങളാണ് കവർന്നത്. പരാതി ലഭിച്ചതോടെ ഇവർക്കായി അന്വേഷണം തുടങ്ങി പൊലീസുകാർ 12 പേരെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇവർ ഉപയോഗിച്ച ആയുധങ്ങളും തൊണ്ടി മുതലും കണ്ടെടുക്കാനായി.
Post a Comment