Join News @ Iritty Whats App Group

10 മുതല്‍ 11 മണിക്കൂര്‍ വരെ നീണ്ട ഹൃദയശസ്ത്രക്രിയ ; ബോധം വന്നപ്പോള്‍ അദ്ദേഹം ആരാഞ്ഞത് 'രാജ്യം എങ്ങിനെയുണ്ട്? കശ്മീര്‍ എങ്ങനെയുണ്ട്?'



2009 ലാണു ഡോ. മന്‍മോഹന്‍ സിങ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നടത്തിയ കൊറോണറി ബൈപാസ് 10 മുതല്‍ 11 മണിക്കൂര്‍ വരെ നീണ്ടു. ബോധം വന്നപ്പോള്‍ അദ്ദേഹം ആരാഞ്ഞത് 'എന്റെ രാജ്യം എങ്ങനെയുണ്ട്? കശ്മീര്‍ എങ്ങനെയുണ്ട്?' എന്നായിരുന്നു.

ഡോ. സിങ്ങിനെ ചികിത്സിച്ച മുതിര്‍ന്ന കാര്‍ഡിയാക് സര്‍ജന്‍ ഡോ. രമാകാന്ത് പാണ്ഡയാണ് ആ സംഭവം ഓര്‍ത്തെടുത്തത്. 'സങ്കീര്‍ണത നിറഞ്ഞതായിരുന്നു ആ ശസ്ത്രക്രിയ. അതിനുശേഷം ശ്വാസം നല്‍കാന്‍ ഘടിപ്പിച്ച കുഴല്‍ രാത്രിയോടെ ഞങ്ങള്‍ നീക്കി. അതോടെ അദ്ദേഹത്തിനു സംസാരം സാധ്യമായി. ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹം ചോദിച്ചു. എന്റെ രാജ്യം എങ്ങനെയുണ്ട്? കശ്മീര്‍ എങ്ങനെയുണ്ട്?'. - അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നു ഡോ. പാണ്ഡ പറഞ്ഞു. 'ശസ്ത്രക്രിയയെക്കുറിച്ച് അങ്ങ് എന്നോട് ഒന്നും ചോദിച്ചില്ല!.'- എന്നായിരുന്നു പാണ്ഡയുടെ മറുപടി. 'നിങ്ങള്‍ നല്ല ജോലി ചെയ്യുമെന്ന് എനിക്കറിയാം' - എന്നായിരുന്നു ഡോ. സിങ്ങിന്റെ മറുപടി. 'ശസ്ത്രക്രിയയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. എന്റെ രാജ്യത്തെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്' - മുന്‍ പ്രധാനമന്ത്രി തുടര്‍ന്നു.

ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ശേഷം രോഗികള്‍ പലപ്പോഴും നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെടാറുണ്ട്. അതാണു ഡോ. പാണ്ഡയുടെ അനുഭവം. 'അദ്ദേഹം നല്ല മനുഷ്യനും എളിമയുള്ള വ്യക്തിയും ദേശസ്‌നേഹിയും ആയിരുന്നു. ഒരു ഡോക്ടര്‍ എന്ന നിലയില്‍, എനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമായ രോഗി അദ്ദേഹമാണ്.' - ഡോ. പാണ്ഡ പറഞ്ഞു.

'ഒരിക്കല്‍ പോലും അദ്ദേഹം ഒന്നിനെക്കുറിച്ചും ചോദിക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല. ശക്തനായ ഒരു മനുഷ്യന്റെ അടയാളമായിരുന്നു അത്. ശസ്ത്രക്രിയാനന്തര പരിശോധനകള്‍ക്കായി അദ്ദേഹം വരുമ്പോഴെല്ലാം ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ആശുപത്രിയുടെ ഗേറ്റിലേക്ക് പോയി നില്‍ക്കും. എന്നാല്‍ അങ്ങനെ ചെയ്യരുതെന്ന് അദ്ദേഹം ആവര്‍ത്തിക്കൊണ്ടിരുന്നു'- ഡോ. പാണ്ഡ പറഞ്ഞു. 'വ്യക്തിപരമായി, അദ്ദേഹം വളരെ സത്യസന്ധതയുള്ള ആളാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന് കരുതല്‍ ഉണ്ടായിരുന്നു. എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാല്‍, അദ്ദേഹം അത് ചെയ്യും. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മനസ് മാറ്റാന്‍ കഴിയില്ല ' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'

Post a Comment

Previous Post Next Post
Join Our Whats App Group