കൊച്ചി: സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകാനെത്തുന്ന ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ ഇന്ന്. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ പത്തരക്ക് പറന്നുയരുന്ന ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ ലാന്‍റ് ചെയ്യും. അര മണിക്കൂറിന് ശേഷം തിരിച്ച് പുറപ്പെടുന്ന ജലവിമാനം സിയാലിലെത്തി ഇന്ധനം നിറച്ച് അഗത്തിയിലേക്ക് പോകും.
കനേഡിയൻ കമ്പനിയുടെ 17 സീറ്റുള്ള ജലവിമാനമാണ് എത്തിയിരിക്കുന്നത്. പരീക്ഷണപ്പറക്കൽ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 11 മണി വരെ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡി ഹാവ് ലാൻഡ് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടർ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്.
മറൈൻ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽ ബോൾഗാട്ടി മേഖല വരെയും വല്ലാർപാടം മുതൽ പോർട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്ത് വരെയുമുള്ള മേഖലകളിലാകും നിയന്ത്രണം. ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക. മന്ത്രി പി രാജീവ് അധ്യക്ഷനാകും. ജില്ലയിലെ ജനപ്രതിനിധികളും ചടങ്ങിനെത്തും
Post a Comment