മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി രേഖപ്പെടുത്തിയത്. മുൻപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും തെളിവെടുപ്പ്.
‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്. തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം. പ്രതി എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിക്കുന്നതെന്ന് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ് ഐ ടി അന്വേഷണം പേരിന് മാത്രമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ പറഞ്ഞു. പ്രതി രാഷ്ട്രീയ സാഹചര്യമുള്ള ആളാണെന്നും മഞ്ജുഷ പറഞ്ഞു. അതേസമയം വാദം പൂർത്തിയാകുംവരെ സത്യവാങ്മൂലം നൽകരുതെന്നും ഹർജിക്കാരി പറഞ്ഞു.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിർദേശം. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
إرسال تعليق