ഇരിട്ടി: മലയോര ഹൈവേയില്‍ വള്ളിത്തോട് മണത്തണ റീച്ചില്‍ നിർമാണം പുരോഗമിക്കുന്ന വെമ്ബുഴ പാലത്തിന്‍റെ പുതിയ സമാന്തര പാതയിലൂടെ ഗതാഗതം മാറ്റിവിട്ടു.
പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ സ്ലാബുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് മഴയില്‍ ഒഴുകിപ്പോയ അപ്രോച്ച് റോഡ് വീണ്ടും നിർമിച്ച് ഗതാഗതം തിരിച്ചുവിട്ടത്.
മലയോര ഹൈവേയില്‍ കരിക്കോട്ടക്കരിയെയും എടൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഇവിടുത്തെ പഴയ പാലം പൊളിച്ചുമാറ്റിയ ശേഷമാണ് പുതിയ പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്. ആറുമാസംകൊണ്ട് പൂർത്തിയാക്കേണ്ട പാലത്തിന്‍റെ നിർമാണം വൈകിയതോടെ മഴയില്‍ സമാന്തര റോഡ് ഒഴുകിപ്പോയിരുന്നു.
റോഡ് ഒഴുകിപ്പോയതോടെ ഇതുവഴിയുള്ള കാല്‍നട യാത്ര അടക്കം തടസപ്പെട്ടിരുന്നു. ഗതാഗതം തടസപ്പെട്ട് മാസങ്ങള്‍ക്കു ശേഷം പാലത്തിന്‍റെ മെയിൻ സ്ലാബിന്‍റെ നിർമാണം പൂർത്തിയായായതോടെ പ്രദേശവാസികളുടെയും മാധ്യമങ്ങളുടെയും ഇടപെടലിലൂടെ ഗതാഗതം താത്കാലികമായി പുതിയ പാലത്തിലൂടെ തിരിച്ചുവിടുകയായിരുന്നു.
പാലത്തിന്‍റെ അപ്രോച്ച് റോഡ് പൂർത്തിയാകാൻ പാലത്തില്‍ നിന്നും മൂന്ന് മീറ്റർ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യണ്ട പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. നിലവില്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചാല്‍ മാത്രമേ പ്രവൃത്തികള്‍ ആരംഭിക്കാൻ കഴിയുകയുള്ളൂ. അതിനാണ് മഴകുറഞ്ഞതോടെ ഒഴുകിപ്പോയ സമാന്തര റോഡ് പുനർനിർമിച്ച് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത്.
മലയോര ഹൈവേയുടെ വള്ളിത്തോട് മുതല്‍ മണത്തണ വരെ 26 കിലോമീറ്റർ ദൂരം 83 കോടിയോളം രൂപ മുടക്കിയാണ് നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. റീച്ചില്‍ ആനപ്പന്തി, വെമ്ബുഴ, ചേന്തോട് തുടങ്ങി മൂന്ന് പാലങ്ങളാണ് പുനർനിർമിക്കുന്നത്. ഇതില്‍ വെമ്ബുഴ, ചേന്തോട് പാലങ്ങളുടെ പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ആനപ്പന്തി പാലത്തിന്‍റെ പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല.
Post a Comment