നടി കസ്തൂരിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്. പോയിസ് ഗാര്‍ഡനിലെ തന്റെ വീട് പൂട്ടി നടി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം.
മാത്രമല്ല നടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകന്‍ അര്ജുന് സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍.
‘തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിന്‍ഗാമികള്‍ തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ സ്ത്രീകളെ സേവിക്കാന്‍ എത്തിയിരുന്നു, ഇപ്പോള്‍ അവര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു’ എന്നായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അമരന് എന്ന സിനിമയില്‍ മേജര്‍ മുകുന്ദ് ത്യാഗരാജന് ബ്രാഹ്മണ സമുദായത്തില്‍ പെട്ട ആളെന്ന് കാണിച്ചില്ലെന്ന് ഈ യോഗത്തില്‍ കസ്തൂരി നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള് ഇന്ത്യ തെലുങ്ക് ഫെഡറേഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ഈ മാസം അഞ്ചിനാണ് നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പൊലീസ് നടിക്കെതിരെ കേസ് എടുത്തത്. ചോദ്യം ചെയ്യാന്‍ പൊലീസ് സമന്‍സുമായി എത്തിയപ്പോഴാണ് കസ്തൂരി വീട് പൂട്ടി ഒളിവില്‍ പോയ വിവരം പൊലീസ് അറിയുന്നത്. നടിക്കായി തിരച്ചില്‍ നടക്കുകയാണ്.
Post a Comment