കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ പ്രസാധകര്‍ പാലിക്കേണ്ട മര്യാദ ഡിസിബുക്‌സ് പാലിച്ചില്ലെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവരങ്ങള്‍ പുറത്തുവിട്ട് വിവാദമുണ്ടാക്കിയതില്‍ ഗൂഡാലോചനയുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. പ്രസാധന കരാര്‍ നല്‍കുന്നതിന് മുമ്പായി ഡി.സി. പ്രസാധനം പ്രഖ്യാപിച്ചു. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട വിവാദങ്ങള്‍ ആസൂത്രിത നീക്കമാണ്. തന്നെ പാര്‍ട്ടിക്കുള്ളിലും പുറത്തും ആക്രമിക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നും പറഞ്ഞു. തന്നെ ആക്രമിക്കുന്നതിലൂടെ പാര്‍ട്ടിയെ കൂടി ലക്ഷ്യം വെച്ചായിരുന്നു നടത്തിയത്. അതേസമയം വിഷയത്തില്‍ നടപടി ആലോചിക്കുകയാണ് പാര്‍ട്ടി നേതൃത്വവും. ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനത്തോട് ചേര്‍ന്നായിരുന്നു പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഡിസി ബുക്‌സിനെ തള്ളി ഇ.പി. ജയരാജനും രംഗത്ത് വന്നിരുന്നു.
ഈ വിഷയത്തില്‍ ജയരാജന് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുകയും പോലീസ് നടപടിയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ ഉടമ രവി ഡി സിയില്‍ നിന്ന് പോലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇ.പി. ജയരാജനില്‍ നിന്നും മൊഴിയെടുക്കും. അതേസമയം വിവാദത്തില്‍ ഡി.സി ബുക്‌സിലും നടപടിയുണ്ടായി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി.സി ബുക്‌സ് സസ്‌പെന്റ് ചെയ്തു. ജയരാജന്റെ പരാതിയില്‍ ഡിസി ബുക്‌സ് ഉടമയെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി.
ഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആള്‍ക്കെതിരെയാണ് ഡി സി ബുക്‌സിന്റെ നടപടി. ഇത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്നാണ് സൂചന. വിവാദത്തില്‍ രവി ഡി സിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് തള്ളി ഡി സി ബുക്സ് രംഗത്ത് വന്നിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനം അനുചിതമെന്നും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജില്‍ പങ്കുവച്ച കുറിപ്പില്‍ ഡി സി ബുക്‌സ് വ്യക്തമാക്കിയിരുന്നു.
Post a Comment