Join News @ Iritty Whats App Group

പിടിയിലായത് കുറുവ സംഘാംഗം തന്നെ ; വിലങ്ങുമായി ചതുപ്പില്‍ ഒളിച്ച പ്രതിയെ പോലീസ് കണ്ടെത്തിയത് സാഹസീകമായി ; വിവരം നല്‍കിയത് ഇപ്പോള്‍ മുന്‍ മോഷ്ടാക്കളും ഇപ്പോള്‍ വിട്ടു നില്‍ക്കുന്നവരും


മണ്ണഞ്ചേരി(ആലപ്പുഴ)/കൊച്ചി: ആലപ്പുഴ മണ്ണഞ്ചേരിയില്‍ അടുത്തിടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് എറണാകുളം കുണ്ടന്നൂരില്‍നിന്ന് പിടികൂടിയ രണ്ടു പേരില്‍ ഒരാള്‍ കുറുവ സംഘാംഗമായ മോഷ്ടാവാണെന്നു സ്ഥിരീകരിച്ച് പോലീസ്. തമിഴ്‌നാട് കുറുവ സംഘത്തിലെ കണ്ണി കാമാച്ചിപുരം സ്വദേശി സന്തോഷ് ശെല്‍വ(25)മാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത സുഹൃത്ത് മണികണ്ഠനെ(30) തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചേക്കും. മോഷണങ്ങള്‍ക്കും മോഷണശ്രമങ്ങള്‍ക്കും പിന്നില്‍ താനാണെന്നു സമ്മതിച്ച സന്തോഷ് പക്ഷേ ഒപ്പമുണ്ടായിരുന്നത് ആരെന്ന് പോലീസിനോട് പറഞ്ഞിട്ടില്ല. കോട്ടയം പാലായില്‍ നടന്ന ഒരു മോഷണക്കേസിലും സന്തോഷ് പ്രതിയാണ്.

ശനിയാഴ്ച രാത്രിയാണ് എറണാകുളം മരട് കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നു പോലീസ് സംഘം സാഹസികമായി സന്തോഷ് ശെല്‍വത്തെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ വെട്ടിച്ച് വിലങ്ങുമായി ഓടി ചതുപ്പില്‍ ഒളിച്ച സന്തോഷിനെ നാല് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് പോലീസിന് പിടികൂടാനായത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് സന്തോഷ് ശെല്‍വമെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 29 ന് നേതാജി ജങ്ഷനു സമീപം മണ്ണേഴത്ത് രേണുകയുടെ വീട്ടിലാണ് സന്തോഷും സംഘവും ആദ്യ മോഷണശ്രമം നടത്തിയത്. ഇവരുടെ വീടിനു സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പ്രതികളുടെ ചിത്രങ്ങള്‍ പതിഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. ഇൗ സംഘം പിന്നീട് റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കല്‍ കുഞ്ഞുമോന്റെ വീട്ടിലെത്തി ഭാര്യ ഇന്ദുവിന്റെയും കോമളപുരം പടിഞ്ഞാറ് നായ്ക്ക്യാംവെളിയില്‍ അജയകുമാറിന്റെ ഭാര്യയുടെയും താലിമാല മോഷ്ടിച്ചു.

കുറുവ സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അനേ്വഷണത്തിലൊടുവിലാണു സന്തോഷിനെക്കുറിച്ചു സൂചന ലഭിച്ചത്. എറണാകുളത്ത് താമസിച്ചിട്ട് സ്ഥിരമായി ആലപ്പുഴയിലേക്ക് യാത്ര ചെയ്യുന്നവരുടെ പട്ടികയിലാണ് സന്തോഷ് പെട്ടത്. നേരത്തെ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ മോഷണങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതുമായ സംഘങ്ങളും പോലീസിന് സന്തോഷിന്റെ സംഘത്തെപ്പറ്റി വിവരം നല്‍കി.

മണ്ണഞ്ചേരിയില്‍നിന്നുള്ള മോഷണ മുതലുകള്‍ ഒന്നും ഇവരില്‍നിന്ന് കണ്ടെടുക്കാനായില്ല. എന്നാല്‍ ചില ഉരുപ്പടികള്‍ ഇവര്‍ താമസിക്കുന്ന കൂടാരത്തില്‍നിന്ന് കണ്ടെത്തി. ഇത് സ്വര്‍ണമാണോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി മുറിച്ച അവസ്ഥയിലായിരുന്നെന്നും പോലീസ് പറഞ്ഞു.
കുറുവ സംഘത്തിലെ 14 അംഗങ്ങളാണ് സംസ്ഥാനത്തെ മോഷണങ്ങള്‍ക്ക് പിന്നിലെന്നും ഇതില്‍ ഒരാളാണ് സന്തോഷെന്നും പോലീസ് പറഞ്ഞു.

ഒരു വര്‍ഷമായി ഇയാള്‍ കേരളത്തിലുണ്ട്. പകല്‍ കുട്ടവഞ്ചിയില്‍ മല്‍സ്യം പിടിക്കുന്നവരായാണ് പ്രത്യക്ഷപ്പെടുന്നത്. ട്രെയിനിലും ബസിലുമായാണ് യാത്രകള്‍. മോഷണം നടത്തേണ്ട സ്ഥലത്തേക്കു നടന്നെത്തുന്നതാണു രീതിയെന്നും പോലീസ് പറഞ്ഞു.

മോഷണത്തിന് എത്തുമ്പോള്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെയാണ് മടങ്ങിപോകുന്നതെന്നും ആലപ്പുഴ ഡിവൈ.എസ്.പി: എം.ആര്‍ മധുബാബു പറഞ്ഞു. സന്തോഷിനെ കോടതിയില്‍ അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മറ്റു പ്രതികള്‍ക്കായി അനേ്വഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group