Join News @ Iritty Whats App Group

ശ്രീനിവാസന്‍‌ വധക്കേസ് പ്രതികൾക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി

ദില്ലി : പാലക്കാട് ശ്രീനിവാസന്‍‌ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജാമ്യത്തിനെതിരെ എൻഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു. 

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെ 17 പേര്‍ക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നാണ് കോടതി നിരീക്ഷണം. 

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ രീതി. ഇതിനായി തയ്യാറാക്കിയ പട്ടികയിൽ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എൻഐഎ കോടതിയെ അറിയിച്ചു. ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും എൻഐ എ ചൂണ്ടിക്കാട്ടി. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎപിഎയുടെ പരിധിയിൽവരുമെന്നും എൻഐഎ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group