കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇന്ന് നിര്‍ണ്ണായകം. ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യ അപേക്ഷയിലെ ഇന്ന് വിധിപറയും. അതിനിടെ ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദിവ്യയുടേതു ഗുരുതര വീഴ്ചയാണെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
സി.പി.എം. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കാന്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. തീരുമാനം സംസ്ഥാന സമിതിയുടെ അംഗീകാരത്തിനായി നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംസ്ഥാന സമിതി അംഗീകരിച്ചാല്‍ ദിവ്യ പാര്‍ട്ടി ബ്രാഞ്ച് അംഗം മാത്രമായി മാറും. അതിനിടെ, നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസില്‍ പോലീസ്, റവന്യൂ വകുപ്പിന്റെ അനേ്വഷണത്തിലെ വിവരങ്ങള്‍ തേടും. ഇതിനായി എ. ഗീത ഐ.എ.എസിന്റെ മൊഴിയെടുക്കും.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലന്‍സ് ഓഫീസിലെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പി.പി. ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണാക്കേസില്‍ അനേ്വഷണം അവസാനഘട്ടത്തിലെന്നാണ് പോലീസ് പറയുന്നത്.
ഇതുവരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി പ്രത്യേക അനേ്വഷണസംഘം എടുത്തിട്ടില്ല. കലക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് റവന്യൂ വകുപ്പ് അനേ്വഷണത്തിലെ വിവരങ്ങള്‍ പോലീസ് തേടുന്നത്.
Post a Comment