തൃശൂര്‍/വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇരു മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്.
ക്യൂവിൽ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നൽകിയിട്ടുണ്ട്. സമയം കഴിഞ്ഞുവന്നവര്‍ക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകില്ല. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53ശതമാനമാണ് പോളിങ്.
ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ മികച്ച പോളിംഗ് ശതമാനം ചേലക്കരയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.വയനാട്ടിൽ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു. സുല്‍ത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.
വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.
Post a Comment