Join News @ Iritty Whats App Group

‘പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, മുടി മുറിക്കേണ്ട’; വിചിത്ര നിർദേശവുമായി യുപി വനിതാ കമ്മീഷൻ


നിരന്തരം അതിക്രമങ്ങൾ വർധിച്ചുവരുന്ന ഉത്തർപ്രദേശിൽ വിചിത്ര നിർദേശവുമായി യുപി വനിതാ കമ്മീഷൻ. പുരുഷൻമാരായ തയ്യൽക്കാർ സ്ത്രീകളുടെ വസ്ത്രങ്ങളുടെ അളവെടുക്കുകയോ സലൂണിലെ പുരുഷന്മാർ സ്ത്രീകളുടെ മുടി മുറിക്കുകയോ ചെയ്യരുതെന്ന നിർദേശമാണ് വനിതാ കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നത്.

ഒക്‌ടോബർ 28ന് നടന്ന വനിതാ കമ്മീഷൻ യോഗത്തിലാണ് നിർദേശം ഉയർന്നത്. വസ്ത്രം തയ്ക്കാൻ സ്ത്രീകളുടെ അളവെടുക്കുന്നത് വനിതാ തയ്യൽക്കാർ ആയിരിക്കണമെന്നാണ് നിർദേശം. ഈ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

മോശം സ്പർശനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നതെന്നാണ് വനിതാ കമ്മീഷൻ അംഗം ഹിമാനി അഗർവാൾ അറിയിച്ചിരിക്കുന്നത്. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. പുരുഷന്മാരുടെ മോശം സ്പർശനം ഒഴിവാക്കാനാണ് പുതിയ നിർദേശങ്ങളെന്നാണ് വിശദീകരണം. ചില പുരുഷന്മാരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും ഹിമാനി അഭിപ്രായപ്പെട്ടു.

അതേസമയം എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഇത്തരമൊരു നിർദേശം പറഞ്ഞതിന്‍റെ അർത്ഥമെന്നും വനിതാ കമ്മീഷൻ അംഗം ഹിമാനി അഗർവാൾ വ്യക്തമാക്കി. ഇപ്പോൾ ഇതൊരു നിർദ്ദേശം മാത്രമാണ്. ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും ഹിമാനി അഗർവാൾ വിശദീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group