മട്ടന്നൂർ: നടുവേദനയെ തുടർന്ന് മകന്‍റെ ഓട്ടോറിക്ഷയില്‍ ചികിത്സയ്ക്കായി പോകുന്നതിനിടെ ഓട്ടോയില്‍ ഇന്നോവ ഇടിച്ച് വീട്ടമ്മ മരിച്ചു.
കൂത്തുപറമ്ബ് പുറക്കളം കിണവക്കലിലെ ഗംഗാധരന്‍റെ ഭാര്യ ഒറവയല്‍ വീട്ടില്‍ കെ. ശ്രീമതി (64)യാണ് മരിച്ചത്. സംസ്കാരം നടത്തി. ഓട്ടോ ഡ്രൈവറായ മകൻ അനില്‍കുമാറിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ മട്ടന്നൂർ - തലശേരി റോഡില്‍ പഴശി റേഷൻ ഷോപ്പിന് മുന്നിലായിരുന്നു അപകടം.
നടുവേദനയെത്തുടർന്നു ഡോക്ടറെ കാണിക്കാൻ മകന്‍റെ ഓട്ടോറിക്ഷയില്‍ എടൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു പോകുകയായിരുന്ന ഇന്നോവ കാർ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
ശ്രീമതിയെയും മകനെയും നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീമതിയെ രക്ഷിക്കാനായില്ല. മട്ടന്നൂരില്‍ നിന്നെത്തിയ പോലീസും അഗ്നിശമന വിഭാഗവും അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കി റോഡില്‍ ഒഴുകിയ ഓയില്‍ കഴുകി വൃത്തിയാക്കിയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. സി. ഗംഗാധരനാണ് ശ്രീമതിയുടെ ഭർത്താവ്. ബിനു, ബിന്ദു എന്നിവർ മറ്റു മക്കളാണ്.
Post a Comment