കൊച്ചി: കളമശേരിയിലെ അപ്പാര്‍ട്ടുമെന്റിലെ താമസക്കാരി പെരുമ്പാവൂര്‍ കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാം (55) കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. തൃക്കാക്കര മൈത്രിപുരം റോഡ് സ്വദേശിയും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ ഗിരീഷ് ബാബു (42), എറണാകുളം തൃപ്പൂണിത്തുറ ഏരൂര്‍ കല്ലുവിള വീട്ടില്‍ ഖദീജ എന്ന പ്രബിത (42) എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ജെയ്സിയുടെ സുഹൃത്ത് കൂടിയാണ് ഗിരീഷ്.
ഗിരീഷ് ബാബുവിന്റെ പെണ് സുഹൃത്താണ് ഖദീജ. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി. ജെയ്സിയുടെ വീട്ടില്‍ വച്ചാണ് ഗിരീഷ് ബാബു ഖദീജയെ പരിചയപ്പെടുന്നത്. തുടർന്ന് ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.
കൊല നടത്തിയത് സ്വര്‍ണവും പണവും മോഷ്ടിക്കാന്‍
ജെയ്സിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഏകദേശം രണ്ടു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ കൊല നടത്തിയത്. ഖദീജയുടെ വീട്ടില്‍ വച്ചായിരുന്നു കൊല ആസൂത്രണം ചെയ്തത്. കൊല നടത്തിയ ശേഷം രക്ഷപെടേണ്ട വഴികളെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
അര ലക്ഷത്തിലധികം രൂപ ഗിരീഷ് കുമാറിന് ശമ്പളം ലഭിച്ചിരുന്നെങ്കിലും ലോണ്‍ ആപ്പ് വഴിയും ക്രെഡിറ്റ് കാര്‍ഡിലൂടെയും മറ്റും വലിയൊരു തുകയുടെ കടക്കാരനായിരുന്നു ഇയാള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ ജെയ്സിയുടെ പക്കല്‍ വന്‍ തുക ഉണ്ടാകുമെന്നായിരുന്നു ധാരണ. അതിനുവേണ്ടി രണ്ട് മാസം മുന്നേ ഇരുവരും ഗൂഢാലോചന നടത്തി പദ്ധതി തയാറാക്കി. കൊലയ്ക്ക് മുന്നോടിയായി ഗിരീഷ് ബാബു രണ്ടുവട്ടം ട്രയല്‍ നടത്തി ജെയ്സിയുടെ ഫ്ളാറ്റിന്റെ സമീപം വരെ വന്നുപോയിരുന്നു.
എംസിഎ ബിരുദധാരിയായ ഇയാള്‍ സിസിടിവി ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് കൃത്യമായ പ്ലാനിംഗ് നടത്തിയാണ് കൃത്യം നടപ്പിലാക്കിയത്. 17ന് രാവിലെ സഹോദരന്റെ ബൈക്കില്‍ കാക്കനാട് എന്‍ജിഒ കോട്ടേഴ്സിന് സമീപമുള്ള വീട്ടില്‍നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെ സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ് ലൈന്‍ റോഡില്‍ എത്തി. അവിടെനിന്ന് രണ്ട് ഓട്ടോറിക്ഷകള്‍ മാറി കയറി ജെയ്സിയുടെ ഫ്ളാറ്റില്‍ എത്തുകയായിരുന്നു.
സിസിടിവിയില്‍ മുഖം പതിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു സഞ്ചാരം. തുടര്‍ന്ന് 10.20ന് അപ്പാര്‍ട്ട്മെന്റിലെത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന മദ്യം ജെയ്സിയുമൊത്ത് കഴിക്കുകയും മദ്യലഹരിയില്‍ ആയിരുന്ന ജെയ്സി കട്ടിലില്‍ കിടന്ന സമയം പ്രതി ബാഗില്‍ കരുതിയിരുന്ന ഡംബല്‍ എടുത്ത് ജയ്സിയുടെ തലയ്ക്ക് പലവട്ടം അടിച്ചു.
നിലവിളിക്കാന്‍ ശ്രമിച്ച ജയ്സിയുടെ മുഖം തലയിണ വച്ച് അമര്‍ത്തിപ്പിടിച്ചു. തുടര്‍ന്ന് മരണം ഉറപ്പാക്കിയ പ്രതി മരണം ബാത്റൂമില്‍ തെന്നി വീണ് പരിക്കേറ്റാണ് എന്നു വരുത്താനായി ബോഡി വലിച്ചുനിലത്തിട്ട് ബാത്റൂമിലേക്ക് എത്തിക്കുകയായിരുന്നു.
അതിനു ശേഷം ശരീരത്തെ രക്തം കഴുകി കളഞ്ഞ് ആ സമയം പ്രതി ധരിച്ചിരുന്ന ഷര്‍ട്ട് മാറി പ്രതി ബാഗില്‍ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ച് ജയ്സിയുടെ കൈകളില്‍ ധരിച്ചിരുന്ന രണ്ട് സ്വര്‍ണ വളകളും ജെയ്സിയുടെ രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്ന് ഫ്ളാറ്റിന്റെ വാതില്‍ അവിടെയുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് പുറത്ത് നിന്ന് പൂട്ടിയശേഷം ഈ താക്കോലുമായും പ്രതി മറ്റൊരു വഴിയിലൂടെ ഒരു ഓട്ടോറിക്ഷയില്‍ കയറി വീണ്ടും പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ എത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും എടുത്ത് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ ഇയാള്‍ ഉദ്ദേശിച്ചിരുന്നതുപോലെ സ്വര്‍ണമോ പണമോ ഇവിടെനിന്ന് ലഭിച്ചില്ല. രണ്ടു പവന്റെ രണ്ടു വളകളും രണ്ടു മൊബൈല്‍ ഫോണുകളും മാത്രമാണ് ഇവിടെനിന്ന് കവര്‍ച്ച ചെയ്യാന്‍ കഴിഞ്ഞത്. അതിനു ശേഷം വിദഗ്ദമായി പ്രതി ഇവിടെനിന്ന് കടന്നു കളയുകയായിരുന്നു. ബൈക്ക് മറ്റൊരിടത്താണ് വച്ചിരുന്നത്. കൊലയ്ക്കു ശേഷം ബൈക്ക് വച്ച സ്ഥലത്തേക്ക് നടന്നെത്തി ബൈക്കെടുത്ത് രക്ഷപ്പെടുകയായിരുന്നു.
നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
ഈ മാസം 17 ന് രാവിലെ 10.20ന് അപ്പാര്‍ട്ട്മെന്റിനു മുന്നിലെ റോഡിലൂടെ ഹെല്‍മറ്റ് ധരിച്ച യുവാവ് നടന്നു പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. 12.50 ന് ഇയാള്‍ തിരികെ പോകുമ്പോഴും ഹെല്‍മറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയം ആദ്യം ധരിച്ചിരുന്ന ടിഷര്‍ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടി ഷര്‍ട്ട് ധരിച്ചതായാണ് ദൃശ്യങ്ങളിലുള്ളത്.
കാനഡയിലുള്ള ജെയ്സിയുടെ മകള്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സമീപവാസിയെ വിവരം അറിയിച്ചു. ഇയാള്‍ പോലീസിനെ വിവരം അറിയച്ചതോടെ നടത്തിയ പരിശോധനയിലാണ് ജെയ്സിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ പത്തോളം മുറിവുകള്‍ ഉണ്ടായിരുന്നു.
മുഖം വികൃതമാക്കിയിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.അപ്പാര്‍ട്ടുമെന്റില്‍ സുരക്ഷ ജീവനക്കാരന് ഇല്ലായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിക്കുകയുണ്ടായി. അത് ഗിരീഷ്കുമാറിന്റെ സഹോദരന്റെ പേരിലുള്ളതായിരുന്നു. തുടര്‍ന്നാണ് ഒരാഴ്ചയ്ക്കുള്ളില്‍ കളമശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ വില്പന നടത്തിയിരുന്നു.
ഇതിനു ശേഷം ഇടുക്കി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തങ്ങിയാണ് പ്രതി ഇന്നലെ വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണംകൊലയ്ക്കു പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
പ്രതികളുടെ വൈദ്യ പരിശോധന പുരോഗമിക്കുകയാണ്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഉച്ചയ്ക്കു ശേഷം സിറ്റി പോലീസ് കമ്മീഷണര്‍ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിനായി മാധ്യമങ്ങളെ കാണുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
Post a Comment