മണ്ണഞ്ചേരി(ആലപ്പുഴ): മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലെ വീടുകളില്‍ വീണ്ടും കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ മോഷണം. എന്തും ചെയ്യാന്‍ മടിയില്ലാത്ത അതിക്രൂരന്‍മാരായ തസ്‌കര സംഘമാണ് കുറുവ സംഘം എന്നറിയപ്പെടുന്നത്.
ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ മാലകളും പൊട്ടിച്ചെടുത്തു. സമീപത്തെ നിരവധി വീടുകളില്‍ മോഷണ ശ്രമം. മണ്ണഞ്ചേരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നരപവന്റെ സ്വര്‍ണമാലയും സമീപ വാര്‍ഡില്‍ കോമളപുരം പടിഞ്ഞാറ് നായിക്യംവെളി വീട്ടില്‍ അജയകുമാറിന്റെ ഭാര്യ ഇന്ദുവിന്റെ മാലയുമാണ് കവര്‍ന്നത്. ഇന്ദുവിന്റെ കഴുത്തില്‍കിടന്നത് മുക്കുപണ്ടമായിരുന്നുവെങ്കിലും താലി സ്വര്‍ണമായിരുന്നു. പിന്നീട് താലി വീട്ടിലെ തറയില്‍ കിടന്ന് ലഭിച്ചു.
സമീപത്തെ വീടുകളായ പോട്ടയില്‍ സിനോജ്, കോമളപുരം ടാറ്റാ വെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടില്‍ വിനയചന്ദ്രന്‍ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകളും പൊളിച്ച നിലയിലാണെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീടുകളില്‍ ഇന്നലെ അര്‍ധരാത്രി 12 മുതലാണ് മോഷണപരമ്പര തുടങ്ങുന്നത്.
പ്രദേശത്തു നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നു രണ്ടാഴ്ച മുമ്പ് മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം മോഷണശ്രമം നടത്തിയ മോഷ്ടാക്കള്‍ തന്നെയാണെന്നാണ് സൂചന. രാത്രി മഴ പെയ്യുന്നസമയത്തായിരുന്നു മോഷണങ്ങള്‍ ഇവര്‍ വീടുകളില്‍ നടന്നാണ് വന്നത്.
ദൂരെ എവിടെയെങ്കിലും വാഹനം വച്ചശേഷം ഇവിടേക്ക് നടന്നു വന്നതായാണ് പോലീസ് കരുതുന്നത്. ഇന്ദു ഭര്‍ത്താവും മകളുമായി കട്ടിലില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തത്.
ഇന്ദുവിന്റെ മാലയും ഉറങ്ങിക്കിടക്കുമ്പോഴാണ് പൊട്ടിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നു കളഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി. മധു ബാബു വീടുകള്‍ സന്ദര്‍ശിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.
Post a Comment