Join News @ Iritty Whats App Group

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ആഗോള കോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും കേസെടുത്തതിന് പിന്നാലെ അദാനി ഗ്രൂപ്പുമായുള്ള കരാര്‍ റദ്ദാക്കി കെനിയ. വിമാനത്താവള വികസനത്തിന്റെയും ഊര്‍ജപദ്ധതികളുടെയും കോടിക്കണക്കിനു ഡോളറിന്റെ കരാര്‍ റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റുട്ടോ വ്യക്തമാക്കി.

അന്വേഷണ ഏജന്‍സികളും സഖ്യരാജ്യങ്ങളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന്, അമേരിക്കയെ പരാമര്‍ശിക്കാതെ പ്രസിഡന്റ് അറിയിച്ചു.

തലസ്ഥാനമായ നയ്‌റോബിയിലാണ് വിമാനത്താവളത്തിന്റെ ആധുനികവത്കരണത്തിനായുള്ള കരാര്‍. 30 വര്‍ഷം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. കരാറിനെതിരേ കെനിയയില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയതായി കെനിയ അറിയിച്ചത്. അമേരിക്കയില്‍ അദാനിക്കെതിരെ കേസ് ഉയര്‍ന്നതും കരാര്‍ റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്.

സൗരോര്‍ജ്ജ വിതരണകരാറുകള്‍ നേടാന്‍ ഏകദേശം 2,029 കോടി രൂപയുടെ (265 ദശലക്ഷം യുഎസ് ഡോളര്‍) കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

20 വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നല്‍കാന്‍ അദാനിയും മറ്റ് ഏഴ് പ്രതികളും ശ്രമിച്ചതായാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി യുഎസ് നിക്ഷേപകരില്‍ നിന്ന് 175 മില്യന്‍ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

ഫോര്‍ബ്സ് മാഗസിന്‍ പ്രകാരം 69.8 ബില്യണ്‍ ഡോളറാണ് 62 കാരനായ അദാനിയുടെ ആസ്തി. യുഎസില്‍ ക്രിമിനല്‍ കുറ്റം ചെയ്തതായി ഔദ്യോഗികമായി ആരോപിക്കപ്പെടുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരില്‍ ഒരാളായി മാറുകയാണ് അദാനി.

Post a Comment

Previous Post Next Post
Join Our Whats App Group