Join News @ Iritty Whats App Group

അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകം; പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ, സുരക്ഷാ ആശങ്ക നേരിടാൻ തയ്യാറെടുപ്പ്


അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക വിധിയെഴുതുന്നത് നാളെയാണ്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, കൃത്യമായ പക്ഷമില്ലാത്ത നിർണായക സംസ്ഥാനങ്ങളിൽ (സ്വിങ് സ്റ്റേറ്റുകൾ) അന്തിമ പ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും.

ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നതാണ് നിർണായകം. വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്.

മുൻപില്ലാത്തവണ്ണം വോട്ടർമാരിൽ പകുതിയോളംപേരും മുൻകൂർ വോട്ടിങ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച പകുതിയായപ്പോഴേക്കും 6.8 കോടിപ്പേർ വോട്ടുചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ മുതൽ ഫലം അറിഞ്ഞുതുടങ്ങും.

ന്യൂയോർക്ക് ടൈംസ് ഇന്ന് പുറത്തുവിട്ട സർവേ അനുസരിച്ച് ഏഴ് നിർണായക സംസ്ഥാനങ്ങളിൽ നാലിടത്ത് കമല ഹാരിസിന് നേരിയ മുൻതുക്കമുണ്ട്. നെവാഡ, നോർത്ത് കാരലൈന, വിസ്കോൺസിൻ, ജോർജിയ സംസ്ഥാനങ്ങളിൽ ആണ് കമല ഹാരിസിന് നേരിയ മുൻ‌തൂക്കമുള്ളത്. മിഷിഗൻ, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ ഇരുസ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമാണ്. അരിസോണയിൽ ഡോണൾഡ്‌ ട്രംപിന് നേരിയ മുൻതൂക്കമുണ്ട്. അവസാന ദിവസങ്ങളിൽ ട്രംപ് നില മെച്ചപ്പെടുത്തി എന്നാണ് സർവേ നൽകുന്ന സൂചന.

അതേസമയം, തിരഞ്ഞെടുപ്പനന്തരം ഉണ്ടാകാനിടയുള്ള കുഴപ്പങ്ങൾ നേരിടാൻ ആ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും തയ്യാറെടുക്കുന്നുണ്ട്. സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്കിടയിൽ കലാപത്തെവരെ നേരിടാൻ അവർ സജ്ജരാണ്.

Post a Comment

Previous Post Next Post
Join Our Whats App Group