Join News @ Iritty Whats App Group

സംഭൽ ഷാഹി ജുമാ മസ്ജിദ് സർവേ: തുടർനടപടികൾ തടഞ്ഞ് സുപ്രീംകോടതി


ന്യൂഡൽഹി > ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിൽ നടന്നുവന്ന സർവേയുടെ തുടർനടപടികൾ തടഞ്ഞ് സുപ്രീംകോടതി. പ്രദേശത്ത് സമാധാനം ഉറപ്പാക്കണമെന്ന് സർക്കാരിനോട് നിർദശിച്ച കോടതി ജനുവരി 8 വരെ വിഷയത്തിലെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് സംഭൽ കോടതിയോടും ആവശ്യപ്പെട്ടു.

സർവേ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സൂക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. സർവേക്കെതിരെ പള്ളി കമ്മിറ്റി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർവേ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഒരു ഫയലും തൽക്കാലം പരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വിചാരണക്കോടതിക്ക് നിർദേശം നൽകി.

പ്രാദേശിക കോടതിയുടെ സർവേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ട സുപ്രീംകോടതി അത്തരം ഹർജികൾ മൂന്ന് ദിവസത്തിനുള്ളിൽ ലിസ്റ്റ് ചെയ്യണമെന്നും അറിയിച്ചു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ദേവേന്ദ്രകുമാർ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയമിച്ചിരുന്നു.

19ന് സംഭൽ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ സിവിൽകോടതി നൽകിയ ഉത്തരവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധവും വെടിവയ്പും ഉണ്ടായത്. വെടിവയ്പിൽ 5 യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. 28 പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയും സംഭൽ നഗരത്തിൽ ജനജീവിതം സ്തംഭിച്ചു. ഇന്റർനെറ്റ് സേവനം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group