Join News @ Iritty Whats App Group

'വള്ളിയിൽ പശ പുരട്ടി ഭണ്ഡാരത്തിലിടും, നോട്ടുമായി തിരിച്ചെടുക്കും', തിരുപ്പതി ക്ഷേത്രത്തിൽ മോഷണം, അറസ്റ്റ്



തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പട്ടാപ്പകൽ മോഷണം. യുവാവ് അറസ്റ്റിൽ. നവംബർ 23ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് തിരുപ്പതി ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ക്ഷേത്ര അധികാരികൾ യുവാവിനെ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. 24 മണിക്കൂർ സിസിടിവി നിരീക്ഷണമുള്ള മേഖലയിലായിരുന്നു യുവാവിന്റെ മോഷണം. 

തിരുമല ക്ഷേത്രത്തിലെ ശ്രീവാരി ഭണ്ഡാരത്തിൽ നിന്നാണ് പണം മോഷണം പോയത്. ചൊവ്വാഴ്ചയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. വേണു ലിംഗം എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. നേരത്തെയും സമാനമായ കേസുകളിലെ പ്രതിയാണ് ഇയാൾ. ഭണ്ഡാരത്തിലേക്ക് ആളുകൾ പണം ഇടുന്നതിന് സമീപത്തായി നിന്ന ശേഷം ആളുകൾ കുറയുന്ന സമയത്തായിരുന്നു മോഷണം. ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഭണ്ഡാരത്തിനുള്ളിലേക്ക് ഇട്ട പശ തേച്ച വള്ളി ആൾ കുറയുന്ന മുറയ്ക്ക് പുറത്ത് എടുത്തായിരുന്നു മോഷണം. 

വള്ളിയിലെ പശയിൽ ഒട്ടിപ്പിടിക്കുന്ന നോട്ടുകൾ പോക്കറ്റിലാക്കിയ ശേഷം വീണ്ടും ഭണ്ഡാരത്തിലേക്ക് ഈ പശവള്ളി നിക്ഷേപിച്ച ശേഷം വീണ്ടും കാത്ത് നിൽക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഒരിക്കൽ പണം എടുത്ത ശേഷം ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോവുന്ന യുവാവ് പിന്നീട് തിരികെ വന്ന് പശ പുരട്ടിയ വള്ളി തിരികെ എടുക്കുന്നതായിരുന്നു മോഷണ രീതി. സംഭവം സിസിടിവിയിൽ കണ്ടതിന് പിന്നാലെ ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി അരിച്ച് പെറുക്കിയാണ് യുവാവിനെ ജീവനക്കാർ പിടികൂടിയത്. 

പിടികൂടുന്ന സമയത്ത് ഇയാളിൽ നിന്ന് 15000 രൂപയാണ് ക്ഷേത്ര ജീവനക്കാർ കണ്ടെത്തിയത്. സിസിടിവിയിൽ സംഭവം ശ്രദ്ധിച്ച അധികൃതർ ക്ഷേത്രം അരിച്ച് പെറുക്കിയാണ് ഇയാളെ പിടികൂടിയത്. ശക്തമായ സുരക്ഷയിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനമെങ്കിലും വർഷങ്ങളുടെ ഇടവേളയിൽ ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ട്. 2021 മാർച്ചിലാണ് നേരത്തെ ഇത്തരത്തിലൊരു മോഷണം നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group