Join News @ Iritty Whats App Group

എല്‍ഡിഎഫ് പരസ്യം ബിജെപിക്ക് ഗുണകരമായി; പത്രത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിര്; ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണം; ‘സുപ്രഭാതത്തെ’ തള്ളി വൈസ് ചെയര്‍മാന്‍



ബിജെപി വിട്ട് യുഡിഎഫില്‍ എത്തിയ സന്ദീപ് വാര്യര്‍ക്കെതിരെയുള്ള എല്‍ഡിഎഫ് പരസ്യം നല്‍കിയ ‘സുപ്രഭാതത്തെ’ തള്ളി പത്രത്തിന്റെ വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സൈനുല്‍ ആബിദീന്‍. സരിനു വേണ്ടിയുള്ള പരസ്യം ബിജെപിക്ക് ഗുണകരമായെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രഭാതത്തില്‍ കഴിഞ്ഞ ദിവസം വന്ന പരസ്യം വല്ലാതെ വേദനിപ്പിച്ചതും പ്രയാസപ്പെടുത്തിയതുമാണ്. അത് സുപ്രഭാതത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണ്. സന്ദീപ് വാര്യറുടെ മാറ്റം എന്തുകൊണ്ട് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല? നല്ലതിലേക്കുള്ള മാറ്റത്തെ ഉള്‍കൊള്ളതെ നല്‍കിയ പരസ്യം ബി.ജെ.പിക്ക് ഗുണകരമായി തീര്‍ന്നു എന്നാണ് വിലയിരുത്തല്‍. മുനമ്പം വിഷയത്തില്‍ സഹകരിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിച്ച ശേഷം അത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് ലേഖനം വന്നപ്പോള്‍ കുറേ പേര്‍ക്ക് ദുഃഖമുണ്ടായി. ആണോ അല്ലയോ എന്നതിനല്ല, അതിന്റെ പ്രസക്തി എന്ത് എന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കേണ്ടതാണ് ഗള്‍ഫില്‍ വെച്ച് വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസമാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് എന്നിവയില്‍ എല്‍ഡിഎഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്.

മുസ്ലീങ്ങള്‍ക്കെതിരെയുള്ള അദേഹത്തിന്റെ പഴയ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും ചേര്‍ത്ത് അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരുന്നത്. വാര്‍ത്ത ശൈലിയിലുള്ള ഇത്തരം പരസ്യങ്ങള്‍ സാധാരണക്കാര്‍ പത്രത്തിലെ വാര്‍ത്തയും നിലപാടുമായാണ് കണക്കാക്കുക. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ തന്നെയാണ് അഡ്വറ്റോറിയല്‍ ശൈലി സിപിഎം സ്വീകരിച്ചത്.

കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സന്ദീപ് വാര്യര്‍ക്കെതിരായ പരസ്യത്തെ മുതിര്‍ന്ന സിപിഎം അംഗം എ കെ ബാലന്‍ പിന്തുണച്ചിട്ടുണ്ട്. മറ്റ് പല പത്രങ്ങളിലും പരസ്യം വന്നിരുന്നുവെന്നും അവയെല്ലാം മുസ്ലിം പത്രങ്ങളാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group