തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കൂടുതല്‍ കുരുക്കിലേക്ക്. ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത്, ഫാക്ടറി സെറ്റിങ്ങിലാക്കിയാണു ഗോപാലകൃഷ്ണന്‍ പോലീസിനു കൈമാറിയത്. ഇത് ദുരൂഹമാണ്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന ഗോപാലകൃഷ്ണന്റെ വാദം കളവാണെന്നാണു പോലീസ് വിലയിരുത്തല്‍.
വാട്‌സ്ആപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍നിന്നുള്ള മറുപടിയും ഇത് ശരിവയ്ക്കുന്നു. ഗോപാലകൃഷ്ണന്റെ മൊഴികളിലും വൈരുധ്യമുണ്ട്. ദീപാവലിക്കും ബക്രീദിനും ക്രിസ്മസിനും ആശംസകള്‍ നേരാന്‍ വെവ്വേറേ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരുന്നെന്നാണ് ഒരു വാദം. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ ഫോണ്‍തന്നെയാണെന്ന് മെറ്റ പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഹാക്കിങ് നടന്നോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി പോലീസ് വീണ്ടും കത്തയച്ചു.
ഗ്രൂപ്പുകളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കം ചെയ്തതിനാല്‍ രൂപീകരിച്ച സമയം, ആരെയെല്ലാം അംഗങ്ങളാക്കി, അയച്ച സന്ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ മെറ്റയില്‍നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ട് നാലാംദിവസമാണു ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതിപ്പെട്ടത്. കഴിഞ്ഞ 30-നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്.
Post a Comment