ചെറുതോണി: ഒരിടവേളയ്ക്കുശേഷം ജില്ലയില്‍ വീണ്ടും തലപൊക്കി ബ്ലേഡ് മാഫിയ. കഴിഞ്ഞയാഴ്ച ചുരുളിയില്‍ വീട്ടമ്മ ജീവനൊടുക്കിയതിന് പിന്നിലും ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്നാണ് ആരോപണം. ചുരുളി നെല്ലിക്കുന്നേല്‍ അനില്‍ കുമാറിന്റെ ഭാര്യ അമ്പിളി (ധന്യ-37) ജീവനൊടുക്കിയത് ബ്ലേഡ് പലിശക്കാരുടെ ഭീഷണി മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു. ജീവനൊടുക്കിയ അമ്പിളിക്ക് വന്‍തുക കടബാധ്യതയുണ്ടന്നാണ് വിവരം. ഇതുസംബന്ധിച്ച് കഞ്ഞിക്കുഴി പോലീസ് അന്വേഷണം ആരംഭിച്ചു.
പശുക്കളെ വളര്‍ത്തിയും തൊഴിലുറപ്പുജോലി ചെയ്തുമാണ് അമ്പിളി കുടുംബം നോക്കിയിരുന്നത്. ക്ഷീരകര്‍ഷകയായ അമ്പിളി ഏഴു പശുക്കളെ വളര്‍ത്തിയിരുന്നു. പ്രതിദിനം 80 ലിറ്റര്‍ പാല്‍ കൊടുത്തിരുന്നതായി പറയപ്പെടുന്നു. അയല്‍വാസിയായ ഒരു വീട്ടമ്മയില്‍ നിന്ന് ഇവര്‍ അഞ്ച് ലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നതായി പറയപ്പെടുന്നു. മറ്റൊരു വീട്ടമ്മ 14 ലക്ഷം കൊടുത്തതായും സൂചനയുണ്ട്. കൃത്യസമയത്ത് പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പണം ലഭിക്കാനുള്ളവര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഇത്തരത്തില്‍ പലരില്‍നിന്നും കുടുംബശ്രീ വഴിയും ഇവര്‍ പണം കടം വാങ്ങിയതായി പരിചയക്കാര്‍ പറയുന്നു. കുബേരയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞ കുറെ നാളുകളായി ചുരുളി പ്രദേശത്തെ ജനങ്ങള്‍ ബ്ലേഡ് മാഫിയയുടെ പിടിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി, ചേലച്ചുവട് മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി വട്ടിപ്പലിശക്കാര്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബ്ലേഡുകാര്‍ എല്ലാവരും വീട്ടമ്മമാര്‍ വഴിയാണ് പലിശയ്ക്കു പണം കൊടുക്കുന്നത്. നൂറ് രൂപയ്ക്ക് എട്ടും പത്തും രൂപയാണ് പ്രതിമാസം പലിശയായി ഈടാക്കുന്നത്. വ്യക്തികളും പണം കടം നല്‍കുന്നത് സ്ത്രീകളെ കേന്ദ്രീകരിച്ചാണ്.
സമയത്ത് പണം ലഭിക്കാതെ വരുമ്പോള്‍ ഇവര്‍ വീടുകളില്‍ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിലുണ്ടായ ഭീഷണിയുടെ ഇരയാണ് കഴിഞ്ഞദിവസം ചുരുളിയില്‍ ആത്മഹത്യ ചെയ്ത വീട്ടമ്മ. ബ്ലേഡ് മാഫിയകള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ഇനിയും ആത്മഹത്യകള്‍ ആവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ പറയുന്നു. വീട്ടമ്മയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തി വരുകയാണെന്ന് കഞ്ഞിക്കുഴി സി.ഐ. പറഞ്ഞു. ഇതുസംബന്ധിച്ച് ബന്ധുക്കളൊ നാട്ടുകാരൊ പരാതി നല്‍കിയിട്ടില്ല. പോലീസ് സ്വന്തം നിലയിലാണ് അന്വേഷണം നടത്തുന്നത്.
ഇവരുടെ മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊന്നത്തടി പഞ്ചായത്തിലെ ചൂരക്കാട്ട് മോഹനന്റെ മൂത്ത മകളാണ് അമ്പിളി. മരണാനന്തര ചടങ്ങുകള്‍ക്കുശേഷം സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പരാതി കൊടുക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീടിനോടുചേര്‍ന്നുള്ള പുരയിടത്തില്‍ കൈഞരമ്പ് മുറിച്ച് അവശനിലയിലാണ് അമ്പിളിയെ കണ്ടെത്തിയത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്.
Post a Comment