Join News @ Iritty Whats App Group

'തലച്ചോറ്' വച്ചുള്ള മസ്‌കിന്‍റെ അടുത്ത നീക്കം; ന്യൂറോലിങ്ക് ബ്രെയിന്‍ ചിപ് പരീക്ഷണത്തിന് കാനഡയിൽ അനുമതി


ടോറോണ്ടോ: ഇലോൺ മസ്‌ക് സ്ഥാപിച്ച ബ്രെയിന്‍ ചിപ് കമ്പനിയായ ന്യൂറോലിങ്കിന്‍റെ ക്ലിനിക്കൽ ട്രയലിന് കാനഡ അനുമതി നല്‍കി. പക്ഷാഘാതം ബാധിച്ച വ്യക്തികള്‍ക്ക് അവരുടെ ചിന്തകൾ ഉപയോഗിച്ച് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാന്‍ കഴിയുമോ എന്നാണ് കാനഡയില്‍ ന്യൂറോലിങ്കിന്‍റെ ക്ലിനിക്കൽ ട്രയലില്‍ പരിശോധിക്കുക. ഇതാദ്യമായാണ് അമേരിക്കയ്ക്ക് പുറത്ത് ന്യൂറോലിങ്കിന്‍റെ പരീക്ഷണം നടക്കുന്നത് എന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

കനേഡിയൻ പഠനത്തിലൂടെ ഇംപ്ലാന്‍റിന്‍റെ സുരക്ഷയും പ്രവര്‍ത്തക്ഷമതയും വിലയിരുത്താൻ ന്യൂറോലിങ്ക് ലക്ഷ്യമിടുന്നു. ‘ക്വാഡ്രിപ്ലെജിയ’ അല്ലെങ്കിൽ അവയവങ്ങൾക്ക് പക്ഷാഘാതം ബാധിച്ച ആളുകളെ അവരവരുടെ ചിന്തകൾ ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളെ നിയന്ത്രിക്കാൻ ന്യൂറാലിങ്ക് പ്രാപ്തരാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സങ്കീർണമായ ന്യൂറോ സർജിക്കൽ നടപടിക്രമം നടത്താനായി ടോറോണ്ടോയിലെ സൗകര്യം തെരഞ്ഞെടുത്തതായി കാനഡയിലെ യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഇലോണ്‍ മസ്‌കും ഒരുകൂട്ടം എൻജിനീയർമാരും ചേർന്ന് 2016ലാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. തലയോട്ടിക്കുള്ളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു ബ്രെയിൻ ചിപ് ഇൻറർഫേസ് കമ്പനി നിർമിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും അവരുടെ കാഴ്ച പുനഃസ്ഥാപിക്കാനും ന്യൂറോലിങ്ക് സഹായിക്കുമെന്ന് കമ്പനി പറയുന്നു. യുഎസിൽ ഇതിനകം രണ്ട് രോഗികളിൽ ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ചുകഴിഞ്ഞു. വീഡിയോ ഗെയിമുകൾ കളിക്കാനും ത്രീഡി ഒബ്‌ജക്‌റ്റുകൾ എങ്ങനെ രൂപകൽപന ചെയ്യാമെന്ന് പഠിപ്പിക്കാനും ഉപയോഗിക്കുന്ന ഉപകരണം രോഗിയിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

2016 ജൂലൈയിൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്‍റെ ഫണ്ടിംഗ് പൂര്‍ണമായും സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്‍റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. 2030ന് മുമ്പ് 22,000 പേരിൽ ഈ പരീക്ഷണം നടത്തുമെന്നാണ് മസ്‌കിന്‍റെ ജീവചരിത്രകാരന്മാരിൽ ഒരാളായ ആഷ്‌ലിവാൻസിന്റെ വിലയിരുത്തൽ.

Post a Comment

Previous Post Next Post
Join Our Whats App Group