ബംഗളൂരു: അസം സ്വദേശിനിയായ മായാ ഗൊഗോയിയെ സുഹൃത്തും മലയാളിയുമായ ആരവ് ഹാനോയ് നേരത്തെ തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്. മായയെ കൊല്ലണം എന്നുദ്ദേശിച്ച് തന്നെയാണ് ഇവരെയും കൊണ്ട് മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഓൺലൈനിൽ നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.കയർ വാങ്ങിയതിന്‍റെ കവറും ബില്ലും സര്‍വീസ് അപ്പാര്‍ട്ട്മെന്‍റിലെ മുറിയിൽ നിന്ന് കണ്ടെടുത്തു. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് പിന്നാലെ ദേഹത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മായയും ആരവും സുഹൃത്തുക്കളായിരുന്നെന്ന വിവരം അറിയാമായിരുന്നെന്ന് മായയുടെ കുടുംബം പൊലീസിന് മൊഴിൽ നൽകി. ആരവിനെക്കുറിച്ച് വീട്ടിൽ മായ പറയാറുണ്ടായിരുന്നെന്നും മായയുടെ സഹോദരി പൊലീസിൽ മൊഴി നൽകി. കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹനോയ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ സർവീസ് അപ്പാർട്മെന്‍റിൽ നിന്ന് രാവിലെ എട്ടേകാലോടെ ആരവ് പുറത്ത് പോയതിന് പിന്നാലെ മൊബൈൽ സ്വിച്ചോഫായി.
മായ ഗോഗോയ് ബ്യൂട്ടി കെയർ വീഡിയോസ് പോസ്റ്റ് ചെയ്തിരുന്ന വ്ലോഗറാണ് കൊല്ലപ്പെട്ട മായ ഗോഗോയ്. അസം ഗുവാഹത്തിയിലെ കൈലാഷ് നഗർ സ്വദേശിനിയാണ്. ബംഗളൂരുവിലെ ലീപ് സ്‌കോളർ ഓവർസീസ് എന്ന വിദേശ പഠന കൺസൾട്ടൻസിയിൽ സ്റ്റുഡന്‍റ് കൗൺസിലർ ആയി ജോലി ചെയ്ത് വരികയായിരുന്നു ആരവ്. മായയെ കൊലപ്പെടുത്തിയശേഷം രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു.
ഇന്നലെ രാവിലെയാണ് അപ്പാർട്മെന്റിൽ നിന്ന് പോയത്. ഇയാൾ ബംഗളൂരു നഗരം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ആരവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും കണ്ണൂർ തോട്ടടയിൽ ഇവരുടെ കുടുംബവുമായി ബന്ധമുള്ളവരിൽ നിന്നും ബംഗളുരു പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
Post a Comment