ഇരിട്ടി: പുതിയ ബസ്‌സ്റ്റാൻഡിന്‍റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര അടർന്നുവീഴുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ ഒരുഭാഗം അടർന്നുവീണത്.
ഇവിടെ പ്രവർത്തിക്കുന്ന ലോട്ടറി കടയുടെ സീലിംഗ് തകർത്തുകൊണ്ടാണ് കോണ്‍ക്രീറ്റ് തകർന്നുവീണത്.
സീലിംഗ് തകരുന്ന ശബ്ദം കേട്ടതോടെ ഇവിടെ കൂടിനിന്ന വിദ്യാർഥികളടക്കം ഓടിമാറിയതുകൊണ്ട് അപകടം ഒഴിവായി. ഏതാനും മാസം മുൻപ് ഇതുപോലെ തന്നെ ബസ് സ്റ്റാൻഡിന്‍റെ പല സ്ഥലങ്ങളിലും കോണ്‍ക്രീറ്റ് അടർന്നുവീണിരുന്നു.
ആയിരകണക്കിന് യാത്രക്കാർ എത്തുന്ന ബസ്‌സ്റ്റാൻഡിലാണ് അപകടാവസ്ഥ നിലനില്‍ക്കുന്നത്. വീണ്ടും അപകടസാധ്യത ഉള്ളതുകൊണ്ട് ബെഞ്ചില്‍ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് അടർന്നുവീഴുന്നത് അടിയന്തരമായി ശരിയാക്കാനുള്ള പ്രവൃത്തികള്‍ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് ഇരിട്ടി നഗരസഭാ ചെയർ പേഴ്സണ്‍ കെ. ശ്രീലത പറഞ്ഞു. പൊതുമരാമത്ത് വിഭാഗം കെട്ടിടം പരിശോധന നടത്തിയിരുന്നു.
Post a Comment