മലപ്പുറം: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തിൽ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രിയങ്ക ഗാന്ധിക്കായി വണ്ടൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ഡികെ ശിവകുമാറിന്‍റെ നിര്‍ണായക പ്രഖ്യാപനം. രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നുവെന്നും പ്രിയങ്ക എംപിയായശേഷം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വിളിച്ചിരുന്നു. ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം എങ്ങനെ തീർക്കാം എന്നാണ് പ്രിയങ്ക ചോദിച്ചത്. ഇക്കാര്യത്തിൽ നിങ്ങള്‍ക്ക് ഒരുറപ്പ് നൽകാം. പ്രിയങ്ക എംപിയായശേഷം അവരുടെ സാന്നിധ്യത്തിൽ കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഇത് ചര്‍ച്ച ചെയ്യും. ആ ചര്‍ച്ചയിൽ നിങ്ങളെ നിരാശരാകാത്ത നല്ല ഒരു ഫലം നമുക്ക് പ്രതീക്ഷിക്കാമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ നല്ല ഒരു തീരുമാനം പ്രതീക്ഷിക്കാമെന്ന സൂചന നൽകികൊണ്ടാണ് ഡികെ ശിവകുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ വലിയ മുന്നേറ്റം നടത്തുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.പ്രവർത്തകരുടെ നിലവിലെ അധ്വാനം വെറുതെ ആകില്ല.ജെഡിഎസ് കര്‍ണാടകത്തിൽ ബിജെപിക്കൊപ്പമാണ്. കേരളത്തിൽ അവര്‍ എൽഡിഎഫിനൊപ്പമാണ്.ഈ അവസര വാദത്തിന് കൂടി നിങ്ങൾ മറുപടി നൽകണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞടുപ്പിന് തയ്യാറാകണമെന്ന സൂചനയും ഇതിലൂടെ ഡികെ ശിവകുമാര്‍ നൽകി.
Post a Comment