Join News @ Iritty Whats App Group

യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത; ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ദില്ലി: കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (യുഎസ്‌ബിആർഎൽ) കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരുമെന്നും രവ്നീത് സിംഗ് കൂട്ടിച്ചേർത്തു. 

ദില്ലി - കശ്മീർ വന്ദേ ഭാരത് എക്‌സ്പ്രസിന് 11 എസി 3-ടയർ കോച്ചുകളും നാല് എസി 2-ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചും ഉണ്ടായിരിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാലത്തിലൂടെ ട്രെയിൻ കടന്നുപോകും. പദ്ധതിയുടെ ആകെയുള്ള 272 കിലോ മീറ്ററിൽ 255 കിലോ മീറ്ററും റെയിൽവേ പൂർത്തിയാക്കി കഴിഞ്ഞു. കത്രയ്ക്കും റിയാസിക്കും ഇടയിലുള്ള 17 കിലോ മീറ്ററിൽ ചെറിയൊരു ഭാഗം ഡിസംബറോടെ പൂർത്തിയാക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ ഉദ്ഘാടന തീയതി തീരുമാനിക്കുകയുള്ളൂവെന്നും ഇത് എൻഡിഎ സർക്കാരിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും കശ്മീരിലെ ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് രവ്നീത് സിംഗ് പറഞ്ഞു. 

ശൈത്യകാലത്ത് ഹൈവേകളും മറ്റ് റോഡുകളും അടച്ചിടേണ്ട സാഹചര്യം വരുമ്പോൾ ഈ പദ്ധതി താഴ്‌വരയിലെ ജനങ്ങൾക്ക് ആശ്വാസം പകരുമെന്നാണ് വിലയിരുത്തൽ. ദില്ലിയിൽ നിന്ന് കശ്മീരിലേക്ക് വെറും 1,500 രൂപ മുതൽ 2,100 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. യാത്രാമധ്യേ ജമ്മുവിലും മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലും സ്റ്റോപ്പുകളുണ്ടാകും. വലിയ ടൂറിസം സാധ്യതകളുള്ള ഈ പദ്ധതിയിൽ പങ്കാളികളായ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും ത്യാഗത്തെയും പ്രയത്നത്തെയും മന്ത്രി അഭിനന്ദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group