കേളകം: ആറളം പുനരധിവാസ മേഖലയുടെയും ആറളം കാർഷിക ഫാമിന്റെയും സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിർത്തിയില്‍ നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുമ്ബോള്‍ ഡസൻ കണക്കിന് കാട്ടാനകള്‍ മേഖലയില്‍ മതിച്ച് മേയുകയാണ്.
കൂടുതല്‍ കാട്ടാനകള്‍ ആറളത്തെ പുനരധിവാസ മേഖലയിലേക്കും കാർഷിക ഫാമിലേക്കും എത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ആന മതില്‍ നിർമാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തിയാകേണ്ടതാണ് നിലവിലെ അവസ്ഥ.
മാർച്ച് 31നകം ആറളത്തെ ആന മതില്‍ പൂർത്തിയാക്കണമെന്ന് പട്ടിക വർഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗത്തിന് നിർദ്ദേശം നല്‍കിയെങ്കിലും നിർമാണത്തിന് വേഗതയില്ലെന്ന് മേഖലയിലെ പുനരധിവാസ കുടുംബങ്ങളും നാട്ടുകാരും പറയുന്നു. ഒന്നര ദശകമായി കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് വനാതിർത്തിയില്‍ ആന മതില്‍ നിർമാണം ആരംഭിച്ചത്. മതില്‍ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനായി കലക്ടറുടെ മേല്‍നോട്ടത്തില്‍ വകുപ്പ് മേധാവികളെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതിയും രൂപവത്കരിച്ചിരുന്നു.
എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതില്‍ നിർമാണം അനിശ്ചിതമായി നീളുന്നു. ഇതിനെത്തുടർന്ന് എസ്‍സി-എസ്ടി കമീഷണർ ശേഖർ മിനിയോടന്റെ നേതൃത്വത്തില്‍ ഫാമില്‍ ചേർന്ന യോഗത്തിലാണ് മതില്‍ നിർമാണം വേഗത്തിലാക്കി മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദേശം നല്‍കിയത്. നാല് കിലോമീറ്റർ മതിലിന്റെ നിർമാണം കഴിഞ്ഞ മാർച്ചില്‍ തീരേണ്ടതായിരുന്നെങ്കിലും രണ്ട് കിലോ മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇത്രയും ഭാഗം ഒക്ടോബർ പകുതിയോടെ പൂർത്തിയാക്കാനും ശേഷിക്കുന്ന ഏഴ് കിലോമീറ്ററോളം ഭാഗം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനുമാണ് നിർദേശം. എന്നാല്‍, നടപടികള്‍ ഇഴയുന്നതിനാല്‍ ആന മതില്‍ എന്ന് പൂർത്തിയാകുമെന്നതും കണ്ടറിയണമെന്നതാണ് നിലവിലെ അവസ്ഥ.
ഏഴു വർഷത്തെ നഷ്ടം 85 കോടി
വന്യ ജീവികളുടെ വിഹാര കേന്ദ്രമായി മാറിയ ആറളം ഫാമിങ് കോർപറേഷന്റെ കൃഷി ഭൂമിയില്‍ കഴിഞ്ഞ 7 വർഷത്തെ നഷ്ടം 85 കോടിയിലധികം രൂപ. തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ, തുടങ്ങിയ ഫാമില്‍ കൃഷി ചെയ്‌ത എല്ലാ ത്തരം വിളകളും വന്യ മൃഗങ്ങളു ടെ ആക്രമണത്തില്‍ നശിച്ചു.
ചില ബ്ലോക്കുകള്‍ കാർഷിക വിളകള്‍ ഒന്നുപോലും അവശേഷിക്കാതെ സ്‌ഥലം തരിശായി മാറി. കാട്ടാനകളുടെ ബാഹുല്യം കാരണംവീണ്ടും അവിടെ കൃഷിയിറക്കാൻ സാധിക്കാത്ത സ്‌ഥിതിയാണുള്ളത്. ആന, മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, മാൻ, മയില്‍, തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നതില്‍ മുന്നില്‍. ഈ കാലയളവില്‍ പുതിയ കൃഷികള്‍ ഇറക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയും ഉണ്ട്.
2017 ജൂണ്‍ മുതല്‍ ഡിസംബർ മാസം വരെ 7,42,1150, 2018 ജനു വരി മുതല്‍ ഡിസംബർ വരെ 2,95,3000, 2019 ജനുവരി മുതല്‍ ഡിസംബർ വരെ 15,93,83,950, 2020 ജനുവരി മുതല്‍ ഡിസംബർ വരെ 18,59,54,050, 2021 ജനുവരി മുതല്‍ ഡിസംബർ വരെ 19,32,40,275, 2022 ജനുവരി മുതല്‍ ഡിസംബർ വരെ 3,04,77850, 2023 ജനുവരി മുതല്‍ ഡിസംബർ വരെ 21,52,21,100, 2024 ജനുവരി മുതല്‍ മേയ് മാസം വരെ 6,33,73,650 രൂപയുടെ നഷ്ടമാണ് കണക്കിയിട്ടുള്ളത്. ആകെ 85,80,25025 രൂപ യാണ് നഷ്ടം കണക്കാക്കിയത്.
Post a Comment