Join News @ Iritty Whats App Group

തന്റെഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല ; ജയിലില്‍ കിടക്കുമ്പോള്‍ വേണ്ടിയിരുന്നില്ല; പാര്‍ട്ടിനടപടിയില്‍ ദിവ്യയ്ക്ക് കടുത്ത അതൃപ്തി


കണ്ണൂര്‍: തനിക്കെതിരേയുള്ള പാര്‍ട്ടി നടപടിയില്‍ കടുത്ത അതൃപ്തിയില്‍ പി.പി. ദിവ്യ. സംഭവത്തില്‍ തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ലെന്നും ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. എഡിഎം നവീന്‍ബാബു മരണമടഞ്ഞ സംഭവത്തില്‍ 11 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ദിവ്യ ജയില്‍ മോചിതയായത്.

കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരുന്നു. നേരത്തേ സംഭവത്തില്‍ പാര്‍ട്ടി എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും ദിവ്യയ്ക്ക് പിഴവ് പറ്റിയെന്നും വിലയിരുത്തിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാകമ്മറ്റിയംഗമായിരുന്ന ദിവ്യയ്ക്ക് എതിരേ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു. ജില്ലാകമ്മറ്റിയംഗത്തില്‍ നിന്നും സാധാരണ പാര്‍ട്ടിയംഗത്തിലേക്ക് തരം താഴ്ത്തുകയും ചെയ്തു. ജില്ലാക്കമ്മറ്റിയുടെ ശുപാര്‍ശ പിന്നീട് സംസ്ഥാനകമ്മറ്റിയംഗീകരിക്കുകയും ചെയ്തിരുന്നു.

പിപി ദിവ്യയുടെ അച്ഛന്‍ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് തെളിയിക്കാന്‍ പ്രോസക്യൂഷന് ആയില്ലെന്നും വിധിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

നേരത്തേ വിവാദം ഉണ്ടായപ്പോള്‍ തന്നെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദിവ്യ രാജിവെച്ചിരുന്നു. സ്ത്രീയെന്നും കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥ എന്നിങ്ങനെയുള്ള പ്രത്യേക പരിഗണന നല്‍കണമെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നുമായിരുന്നു വിധി പകര്‍പ്പിലുള്ളത്.

ഒരു ലക്ഷം രൂപ കെട്ടിവെക്കണം രണ്ടു പേരുടെ ആള്‍ ജാമ്യവും വേണമെന്നാണ് ജാമ്യം നല്‍കുന്നതിനുള്ള ഉപാധികള്‍. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും വിധിപ്പകര്‍പ്പിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group