എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യക്ക് ജാമ്യം നൽകിയത് സ്ത്രീ എന്ന പരിഗണന നൽകിയെന്ന് വിധിപ്പകർപ്പ്. പി പി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണെന്നും കുടുംബനാഥയുടെ അനാസ്ഥ കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കും. പി പി ദിവ്യയെ ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ആയില്ലെന്നും വിധി പകർപ്പിൽ പറയുന്നു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്. ജില്ലാ വിടാൻ പാടില്ലെന്ന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയായിരുന്നു ദിവ്യയുടെ റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ തീരുമാനം.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ദിവ്യ കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും എതിർത്തു.
Post a Comment