Join News @ Iritty Whats App Group

പ്രിയങ്കക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്; 'ആരാധനാലയങ്ങളും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'


വയനാട്: ലോക്‌സഭാ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. മത ചിഹ്നങ്ങളും ആരാധനാലയവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്നാണ് പരാതി നൽകിയത്.

നേരത്തെ പള്ളിക്കുന്ന് ക്രിസ്ത്യൻ പള്ളിയിൽ പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തിയിരുന്നു. ഇതാണ് പരാതിക്ക് ആധാരമായി ഇടതുമുന്നണി ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ എത്തിയ പ്രിയങ്ക വൈദികർക്ക് ഒപ്പം പ്രാർത്ഥന നടത്തുന്നതിന്റെയും മറ്റും വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുണ്ട് ലംഘനം ആണെന്നാണ് എൽഡിഎഫ് പരാതിയിൽ പറയുന്നത്.


നവംബർ പത്തിനായിരുന്നു പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിൽ എത്തിയത്. വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്‌തീയ ആരാധനാലയങ്ങളിൽ ഒന്നാണ് പള്ളിക്കുന്നിലേത്. ഇതാണ് എൽഡിഎഫ് ഇപ്പോൾ ആയുധമാക്കുന്നത്. പള്ളിക്കുള്ളിൽ വെച്ച് പ്രിയങ്ക വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

കോൺഗ്രസ് നേതാക്കളായ ടി സിദ്ദിഖ് എംഎൽഎ, വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ എന്നിവരുൾപ്പെടെ പ്രിയങ്കക്കൊപ്പം ഈ ദേവാലയത്തിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് മുന്നണി പരാതിയുമായി കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇതെന്നായിരുന്നു എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി അറിയിച്ചത്.

നേരത്തെ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രികയിൽ തന്റെ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ വൈകാതെ ബിജെപി കോടതിയെ സമീപിക്കുമെന്നാണ് സൂചന. മുസ്ലീം വിഭാഗത്തിന്റെ വോട്ട് നേടാൻ വേണ്ടിയാണ് പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.

അതേസമയം, മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രിയങ്കയും കോൺഗ്രസ് ക്യാമ്പും. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് അവർ. ഇന്നലെ നടന്ന കൊട്ടിക്കലാശത്തിൽ മികച്ച പ്രതികരണമാണ് ഉണ്ടായിരുന്നത്. അവസാനഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ പ്രിയങ്കയും രാഹുലും ഒന്നിച്ചാണ് ഇറങ്ങിയത്.

നവംബർ പതിമൂന്നിന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം ഇരുപത്തിമൂന്നിനാണ് ഫലം പ്രഖ്യാപിക്കുക. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിക്ക് എതിരെ എൽഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യൻ മൊകേരിയാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആനി രാജയായിരുന്നു മത്സരിച്ചത്.

ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസാണ് മത്സര രംഗത്തുള്ളത്. വയനാട്ടിൽ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ എംപിയായി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും റായ്ബറേലി നിലനിർത്താൻ വേണ്ടി രാഹുൽ വയനാട് ഉപേക്ഷിക്കുകയായിരുന്നു. പകരമാണ് സഹോദരിയായ പ്രിയങ്ക എത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group