Join News @ Iritty Whats App Group

മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്: സുപ്രീംകോടതി വിധി ഇന്ന്


തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസില്‍ പുനരന്വേഷണം വേണോയെന്നതില്‍ ആയിരിക്കും സുപ്രീംകോടതി തീരുമാനം എടുക്കുന്നത്. തൊണ്ടി മുതലില്‍ അഭിഭാഷകന്‍ കൂടിയായ ആന്റിണി രാജു കൃത്രിമം കാട്ടിയെന്ന് ആരോപിച്ചുള്ള കേസിലാണ് ഇന്ന് വിധി പറയുന്നത്. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീലിലാണ് വിധി.

ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം.

സാങ്കേതിക കാരണങ്ങളാലാണ് ആന്റണി രാജുവിനെതിരായ എഫ്ഐആര്‍ റദ്ദാക്കുന്നതെന്നും പുതിയ നടപടിക്രമങ്ങളുമായി വിചാരണക്കോടതിക്ക് മുന്നോട്ട് പോകാന്‍ തടസമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ ആന്റണി രാജു നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറയുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്ഐആറിലോ തനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. കേസില്‍ മെറിറ്റുണ്ടെന്നും ഹൈക്കോടതി പറഞ്ഞിട്ടില്ല. നിരപരാധിയായിട്ടും 33 വര്‍ഷങ്ങളായി കേസിന് പിന്നാലെയാണ് താനെന്ന് ആയിരുന്നു ആന്റണി രാജുവിന്റെ വാദം.

തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വ്യവസ്ഥിതിയില്‍ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നുമായിരുന്നു വാദം കേള്‍ക്കുന്നതിനിടെ സുപ്രിംകോടതിയുടെ നിരീക്ഷണം. സത്യം കണ്ടെത്താന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും വേണമെങ്കില്‍ സിബിഐയ്ക്ക് കേസ് കൈമാറാന്‍ കോടതിക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ ആന്റണി രാജുവിനെതിരായ നിലപാട് മയപ്പെടുത്തി സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി നേരത്തെ തിരുത്തിയിരുന്നു. രാവിലെ പത്തരയ്ക്ക് ജസ്റ്റിസുമാരായ സിടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group