Join News @ Iritty Whats App Group

കൊട്ടിയൂരില്‍ പന്നിപ്പനി: മൂന്നു ഫാമിലെ പന്നികളെ ഉന്മൂലനം ചെയ്യും


ണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോട് പന്നിപ്പനി സ്ഥിരീകരിച്ചു. നെല്ലിയോട്ടെ റോയല്‍ പിഗ് ഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചത്.

ഈ സാഹചര്യത്തില്‍ ഈ ഫാമിലെയും മേഖലയിലെ മറ്റു രണ്ടു ഫാമുകളിലെയും മുഴുവൻ പന്നികളെയും എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച്‌ ഉടൻ പ്രാബല്യത്തോടെ ഉന്മൂലനം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവിട്ടു. 

തീറ്റ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയും ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കുകയും ചെയ്യണം. കൊട്ടിയൂർ പുത്തൻപറമ്ബില്‍ സൗമ്യ തോമസ്, കൊട്ടിയൂർ ജോസഫ് പുത്തൻ പുരയില്‍ എന്നിവരുടെ ഫാമുകളിലെ പന്നികളെയും ഉന്മൂലനം ചെയ്യാനാണ് ഉത്തരവ്. ഇവരുടെ ഫാമുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല.രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളില്‍ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്ത നവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നിഫാമുകളില്‍നിന്നു മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് നല്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നല്കി. 

മറ്റു സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും ആർടിഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് പ്രസ്തുത സംഘം ഉറപ്പ് വരുത്തേണ്ടതാണെന്നും അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group