Join News @ Iritty Whats App Group

'അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന മട്ട് നല്ലതല്ല'; പാളിയത് സ്ഥാനാർത്ഥി നിർണയത്തിലെന്ന് പാലക്കാട് നഗരസഭ അധ്യക്ഷ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയില്‍ നഗരസഭയ്ക്ക് പിഴവില്ലെന്ന് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിയെന്ന് പ്രമീള ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല. നഗരസഭ ഭരണത്തില്‍ പാളിച്ച ഉണ്ടായിട്ടില്ല. കൃഷ്ണകുമാറിന് വേണ്ടി ഒറ്റപ്പെട്ടായി നിന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും ഒരേ ആള്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായത് പ്രതിസന്ധിയായിയെന്നും പ്രമീള ശശിധരന്‍ പ്രതികരിച്ചു. 

പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് നഗരസഭ അധ്യക്ഷയുടെ നിലപാട്. ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. മാറ്റം വേണമെന്ന തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. എന്നാല്‍, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന് വേണ്ടി കൗൺസിലർമാർ ഒരുമിച്ച് പ്രവർത്തിച്ചു. മറ്റൊരു സ്ഥാനാർത്ഥി എങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന്‍ പറയുന്നു.

നഗരസഭ ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടത് ജില്ലാ നേതൃത്വമാണ്. സംസ്ഥാന നേതൃത്വമാണ് കൃഷ്ണകുമാറിനെ തീരുമാനിച്ചത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ നഗരസഭയോടെ പെരുമാറുന്നത്. കൗൺസിലർമാർ ദേശീയ നേതൃത്വത്തെ പരാതി അറിയിക്കുമെന്നും പ്രമീള ശശിധരന്‍ പറഞ്ഞു. കൃഷ്ണകുമാറിൻ്റെ വോട്ട് കുറഞ്ഞത് നേതൃത്വം പരിശോധിക്കട്ടെയെന്നും പൊതുജന അഭിപ്രായം മാനിച്ച് തീരുമാനങ്ങൾ സ്വീകരിക്കണമെന്നും പ്രമീള കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group