Join News @ Iritty Whats App Group

ചേലക്കര വീണ്ടും ചെങ്കൊടിയേന്തി, രമ്യ ഹരിദാസിന് നിരാശ; മിന്നും വിജയം നേടി യു ആർ പ്രദീപ്, വോട്ട് കൂട്ടി ബിജെപി


തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയം ഉറപ്പിച്ചത്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചില്ല.

ഇപ്പോൾ ലഭിച്ചിട്ടുള്ള കണക്കുപ്രകാരം 64,259 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസിന് 52137 വോട്ടുകൾ ലഭിച്ചു. ചേലക്കരയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണൻ 33354 വോട്ടുകൾ നേടിയിട്ടുണ്ട്. പി വി അൻവറിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ എൻ കെയ്ക്ക് 3909 വോട്ട് മാത്രമാണ് സ്വന്തമാക്കാനായത്. 

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ബാലകൃഷ്ണനിലൂടെ ബിജെപിക്ക് മണ്ഡലത്തില്‍ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 24,045 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാൻ കഴിഞ്ഞിരുന്നത്. 

2016ല്‍ മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്താൻ കഴിഞ്ഞത് യു ആര്‍ പ്രദീപിനും നേട്ടമാണ്. 2016ല്‍ 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 2021ല്‍ കെ രാധാകൃഷ്ണൻ എത്തിയതോടെ ഭൂരിപക്ഷം 39,400 ആക്കി ഉയര്‍ത്താൻ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ചേലക്കര വിജയിച്ചതോടെ ഭരണവിരുദ്ധ വികാരമില്ല എന്നുള്ള പ്രതികരണങ്ങളാണ് എല്‍ഡിഎഫ് നേതാക്കളില്‍ നിന്ന് വരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group