മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ ക്രമക്കേടെന്ന ആരോപണവുമായി നടി സ്വര ഭാസ്കർ. അനുശക്തി നഗർ മണ്ഡലത്തിൽ സ്വരയുടെ ഭർത്താവ് ഫഹദ് അഹമ്മദ് പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്വരയുടെ ആരോപണം. ശരദ് പവാറിന്‍റെ എൻസിപിയുടെ സ്ഥാനാർത്ഥിയായാണ് ഫഹദ് അഹമ്മദ് മത്സരിച്ചത്. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയുടെ സ്ഥാനാർത്ഥി സന മാലിക്കാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്.
17 റൗണ്ട് വരെ മുൻപിലായിരുന്ന ഫഹദ് അഹമ്മദ് പിന്നീട് പിറകിൽ പോയതിനെയാണ് സ്വര ഭാസ്കർ ചോദ്യംചെയ്യുന്നത്. ദിവസം മുഴുവൻ വോട്ടെടുപ്പ് നടന്നിട്ടും ഇവിഎമ്മുകളിൽ 99 ശതമാനം ബാറ്ററി എങ്ങനെയുണ്ടായെന്നാണ് സ്വരയുടെ ചോദ്യം. 99 ശതമാനം ബാറ്ററിയുള്ള എല്ലാ വോട്ടിംഗ് മെഷീനിലെയും വോട്ടുകൾ ബിജെപിക്കും സഖ്യകക്ഷികൾക്കും കിട്ടുന്നതെന്തു കൊണ്ടെന്നും സ്വര ചോദിക്കുന്നു.
ബിജെപി കൃത്രിമം കാണിച്ചെന്നും വീണ്ടും വോട്ടെണ്ണണമെന്നും ഫഹദ് അഹമ്മദ് ആവശ്യപ്പെട്ടു. 17, 18, 19 റൌണ്ടുകളിൽ 99 ശതമാനം ബാറ്ററി ചാർജുള്ള വോട്ടിംഗ് മെഷീനുകൾ തുറന്നപ്പോഴാണ് ബിജെപി പിന്തുണയുള്ള അജിത് പവാറിന്‍റെ എൻസിപിയുടെ സ്ഥാനാർത്ഥി മുന്നിലെത്തിയതെന്ന് ഫഹദ് പറയുന്നു. 99 ശതമാനം ചാർജുള്ള ഇവിഎമ്മുകളിൽ സന മാലിക് മുന്നിട്ടുനിൽക്കുന്നതായും എന്നാൽ ബാറ്ററി ചാർജ് കുറവുള്ള ഇവിഎമ്മുകളിൽ അവർ പിന്നിലാണെന്നും ഫഹദ് ആരോപിച്ചു.
നേരത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 99 ശതമാനം ചാർജ്ജുള്ള ഇവിഎമ്മുകളിൽ തങ്ങൾ പരാജയപ്പെട്ടെന്നും 60 - 70 ശതമാനം ബാറ്ററിയുള്ളവയിൽ വിജയിച്ചെന്നും കോൺഗ്രസ് അവകാശപ്പെട്ടതിന് പിന്നാലെ, തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ബാറ്ററി ചാർജിന് വോട്ടുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ഇവിഎമ്മിന്‍റെ ബാറ്ററിയുടെ ഇലക്ട്രിക് പൊട്ടൻഷ്യൽ 7.4 വോൾട്ടിനും 8 വോൾട്ടിനും ഇടയിൽ നിലനിൽക്കുന്നിടത്തോളം കാലം 99 ശതമാനം ചാർജ് കാണിക്കുന്നുവെന്നാണ് വിശദീകരണം.
എൻസിപിയുടെ മുതിർന്ന നേതാവ് നവാബ് മാലിക്കിന്റെ കോട്ടയായിരുന്ന അനുശക്തി നഗർ മണ്ഡലത്തിൽ ഇത്തവണ മകൾ സനയാണ് വിജയിച്ചത്. 3,378 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. 2019, 2014, 2009 വർഷങ്ങളിൽ നവാബ് മാലികാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണ നവാബ് മാലിക് മൻഖുർദ് - ശിവാജി നഗർ സീറ്റിൽ മത്സരിച്ചു.
നേരത്തെ സമാജ്‌വാദി പാർട്ടി നേതാവായിരുന്നു ഫഹദ് അഹമ്മദ്. ഉത്തർപ്രദേശിലെ അലിഗഢ് മുസ്ലീം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് എം.ഫിൽ പൂർത്തിയാക്കി. വിദ്യാർത്ഥി കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 16നാണ് സ്വര ഭാസ്‌കറും ഫഹദും വിവാഹിതരായത്.
إرسال تعليق