Join News @ Iritty Whats App Group

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം;45 ലക്ഷം രൂപ ചെലവില്‍ പൂർത്തിയാക്കുന്ന കുടിവെള്ള പദ്ധതി അന്തിമ ഘട്ടത്തില്‍


രിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി അനുഭവിക്കുന്ന രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമാകുന്നു. ആശുപത്രിക്കായി 45 ലക്ഷം രൂപ ചെലവില്‍ പൂർത്തിയാക്കുന്ന കുടിവെള്ള പദ്ധതി അടുത്ത മാസത്തോടെ പൂർത്തിയാവും.

പഴശ്ശി പദ്ധതി പ്രദേശത്ത് നേരമ്ബോക്ക് വയലില്‍ നിർമിക്കുന്ന കിണറിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. കടുത്ത വേനലില്‍ പോലും വറ്റാത്ത വിധം പദ്ധതി പ്രദേശത്തെ വെള്ളത്തെക്കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് കിണർ നിർമാണം പൂർത്തിയാവുന്നത്. ഇവിടെനിന്ന് വെള്ളം ആശുപത്രിയുടെ മുറ്റത്ത് ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ ടാങ്കിലേക്ക് പമ്ബ് ചെയ്ത് അവിടെനിന്ന് വിതരണ ശ്യംഖല വഴി ആശുപത്രിയുടെ നിലവിലുള്ള ബ്ലോക്കുകളിലേക്കും 50 കോടിരൂപ ചെലവില്‍ പുതുതായി നിർമിക്കുന്ന ബഹുനില കെട്ടിടത്തിലേക്കും എത്തിക്കാൻ കഴിയും വിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. 

വെള്ളത്തിന്റെ കടുത്ത ക്ഷാമം മൂലമാണ് താലൂക്ക് ആശുപത്രിയില്‍ മൂന്ന് ഷിഫ്റ്റ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തിപ്പിക്കാൻ കഴിയാത്തത്. ഡയാലിസിസിനായി നിരവധി പേരാണ് രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത്. വെള്ളത്തിന്റെ ലഭ്യതയും സാമ്ബത്തിക സമാഹരണവും ലക്ഷ്യത്തിലെത്തുന്നതോടെ ഡയാലിസിസിന്റെ മൂന്നാം യൂനിറ്റും ഉടൻ ആരംഭിക്കാൻ കഴിയും. നിലവില്‍ വർഷങ്ങള്‍ക്ക് മുമ്ബുള്ള കുടിവെള്ള പദ്ധതിയില്‍ നിന്നും ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ് ആശു പത്രിയിലേക്ക് വെള്ളം എത്തിക്കുന്നത്. ഇത് ആശുപത്രിയുടെ ഉപയോഗത്തിന് തികയുകയില്ല. 

വേനല്‍ക്കാലമാകുന്നതോടെ ജലക്ഷാമം രൂക്ഷമാകും. കടുത്ത വേനലില്‍ ടാങ്കർ ലോറികളില്‍ വെള്ളം എത്തിച്ചാണ് ഐ.പി വാർഡുകളിലേക്കും മറ്റും വെള്ളം നല്‍കുന്നത്. നഗരസഭയുടെ പദ്ധതി വിഹിതത്തില്‍നിന്നാണ് കുടിവെള്ള പദ്ധതിക്കായി പണം അനുവദിച്ചിരിക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം നഗരസഭക്കും ആശുപത്രി അധികൃതർക്കും വലിയ തലവേദനയായിരുന്നു. നിരവധി പദ്ധതികള്‍ ആലോചനയില്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. 

കിണർ കുഴിക്കുന്നതിന് പദ്ധതി പ്രദേശത്ത് സ്ഥലം അനുവദിക്കുന്നതിന് പഴശ്ശി ജലസേചന വിഭാഗം അധികൃതരില്‍ നിന്നും ആനുകൂലമായ നിലപാട് ഉണ്ടായതോടെയാണ് ഇപ്പോള്‍പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. ഡിസംബർ അവസാനത്തോടെ പദ്ധതിയില്‍ നിന്നുള്ള വെള്ളം ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group