Join News @ Iritty Whats App Group

അറിയാത്ത നമ്പറിൽ നിന്നും വാട്ട്സാപ്പിൽ കോൾ, പിന്നെ വിളിച്ചത് ഐപിഎസ് ഓഫീസർ, സ്ത്രീക്ക് നഷ്ടപ്പെട്ടത് 3.8 കോടി


ഫോൺകോളിലൂടെയുള്ള തട്ടിപ്പുകൾ ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. എങ്ങനെയാണ് എപ്പോഴാണ് പണം നഷ്ടപ്പെടുക എന്ന് പറയാൻ പോലും സാധിക്കില്ല. അതുപോലെ ഒരു അനുഭവമാണ് മുംബൈയിൽ നിന്നുള്ള ഒരു സ്ത്രീക്കും ഉണ്ടായത്. അവരുടെ കയ്യിൽ നിന്നും തട്ടിപ്പുകാർ പറ്റിച്ചെടുത്തത് ഒന്നോ രണ്ടോ ലക്ഷമല്ല, മറിച്ച് 3.8 കോടി രൂപയാണ്. 

ഒരുമാസം മുമ്പ് വാട്ട്സാപ്പിൽ അറിയാത്ത നമ്പറിൽ നിന്നും 77 -കാരിക്ക് ഒരു കോൾ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തായ്‍വാനിലേക്ക് നിങ്ങളയച്ച ഒരു ബോക്സിൽ എംഡിഎംഎ ഉണ്ട് എന്നായിരുന്നു വിളിച്ചിരുന്നയാൾ ആദ്യം പറഞ്ഞത്. എംഡിഎംഎ മാത്രമല്ല, അതിൽ അഞ്ച് പാസ്പോർട്ടുകളും ഒരു ബാങ്ക് കാർഡും കുറച്ച് വസ്ത്രങ്ങളും കൂടിയുണ്ട് എന്നും വിളിച്ചയാൾ പറഞ്ഞിരുന്നു. 

മുംബൈയിൽ റിട്ടയറായ ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു സ്ത്രീ. താൻ ഒരു പാഴ്സലും അയച്ചില്ല എന്ന് അവർ ആവർത്തിച്ചു പറഞ്ഞെങ്കിലും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അവരുടെ ആധാർ കാർഡും ഉപയോ​ഗിച്ചിട്ടുണ്ട് എന്നും വിളിച്ചയാൾ അവരെ ഭീഷണിപ്പെടുത്തി. പിന്നീട്, മുംബൈ പൊലീസ് ഓഫീസറാണ് എന്ന് പറഞ്ഞാണ് അടുത്തയാൾ വിളിച്ചത്. അയാളും ആധാർ കാർഡ് സ്ത്രീയുടേതാണ് എന്ന് ആവർത്തിച്ചു. 

പിന്നീട്, ഐപിഎസ് ഓഫീസറാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് മറ്റൊരാളാണ് വിളിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഇയാൾ ആവശ്യപ്പെട്ടത്. കൂടാതെ സ്ത്രീയോട് ഒരു അക്കൗണ്ടിലേക്ക് പണമയക്കാനും ആവശ്യപ്പെട്ടു. ആദ്യം 15 ലക്ഷം അയക്കാനാണ് ആവശ്യപ്പെട്ടത്. നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെങ്കിൽ ആ പണം തിരികെ നൽകുമെന്നും അറിയിച്ചിരുന്നു. 

പറഞ്ഞതുപോലെ, സ്ത്രീയുടെ വിശ്വാസം നേടുന്നതിനായി ആ പണം തിരികെ അയക്കുകയും ചെയ്തു. പിന്നീട്, കൂടുതൽ കൂടുതൽ പണം അയക്കാനാവശ്യപ്പെട്ടു. ആ പണമൊന്നും തിരികെ കിട്ടാതായപ്പോഴാണ് സ്ത്രീക്ക് സംശയം തോന്നിയത്. വിദേശത്ത് താമസിക്കുന്ന മകളോട് പിന്നാലെ ഇക്കാര്യം ഇവർ വെളിപ്പെടുത്തി. മകളാണ്, അമ്മ പറ്റിക്കപ്പെട്ടു എന്ന് പറയുന്നതും പൊലീസിൽ വിവരമറിയിക്കാന്‍ ആവശ്യപ്പെടുന്നതും.

മൊത്തം 3.8 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേസിൽ അന്വേഷണം നടക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group