Join News @ Iritty Whats App Group

സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആന വേണ്ട...മതപരമായ ചടങ്ങുകള്‍ക്കു മാത്രം മതി ; ഒരു ദിവസം 100 കിലോമീറ്ററിലധികം വാഹനത്തില്‍ കൊണ്ടുപോകുകയും ചെയ്യരുത്


കൊച്ചി: ആന എഴുന്നള്ളിപ്പിനു കര്‍ശന നിയന്ത്രണങ്ങള്‍ ശിപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്കു മാത്രമേ ആനകളെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നതാണു പ്രധാന നിര്‍ദേശം. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നും ശിപാര്‍ശ. മറ്റു നിര്‍ദേശങ്ങള്‍: രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്കു 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം.

ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്. എഴുന്നള്ളിപ്പുകള്‍ക്കു നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്നു മീറ്ററെങ്കിലും അകലം പാലിക്കണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ജനങ്ങളെ ആനകള്‍ക്കു സമീപത്തു നിന്നു കുറഞ്ഞത് 10 മീറ്റര്‍ അകലെ നിര്‍ത്തണം. 65 വയസു കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്.

മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളിപ്പ്, വലിയ ശബ്ദം, ക്രൂരമായി കൈകാര്യം ചെയ്യല്‍, ആവശ്യത്തിനു വിശ്രമം ലഭിക്കാതെ നീണ്ട യാത്രകള്‍ തുടങ്ങിയവ മൂലം ആനകള്‍ വലിയ കഷ്ടതകള്‍ അനുഭവിക്കുന്നു എന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. കേരള നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതിയിലുള്ള കരട് തയാറാക്കി വരുന്ന സാഹചര്യത്തില്‍ ആനകളുടെ കാര്യത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണു റിപ്പോര്‍ട്ടിലുള്ളതെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. ആനകളുടെ സംസ്ഥാനാനന്തര യാത്രകള്‍ക്കു കര്‍ശന വ്യവസ്ഥകള്‍ വേണം.

യാത്രാസമയം ആനകള്‍ക്കു നല്‍കുന്ന വിശ്രമസമയമായി കണക്കാക്കരുത്. അസുഖം ബാധിച്ചതോ തളര്‍ന്നതോ പരുക്കേറ്റതോ അംഗലവൈകല്യം വന്നതോ മദമിളകിയതോ ആയ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കരുത്. ആനയ്ക്ക് ആരോഗ്യമുണ്ടെന്നു യാത്ര തുടങ്ങുന്നതിനു 12 മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. രാവിലെ 11നും വൈകിട്ട് നാലിനും ഇടയില്‍ ആനകളെ വാഹനങ്ങളില്‍ കൊണ്ടുപോകരുത്. രാത്രി 10നും പുലര്‍ച്ചെ നാലിനും ഇടയിലുള്ള യാത്രയും ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group