Join News @ Iritty Whats App Group

ഇരിട്ടിയില്‍ ഉദ്ഘാടനത്തിനൊരുങ്ങി വനം വകുപ്പിന്‍റെ 'നഗരവനം'


രിട്ടി: വനം വകുപ്പിന്‍റെ ജില്ലയിലെ ആദ്യത്തെ "നഗരവനം' ഇരിട്ടി വള്ള്യാട് നാളെ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നേരംപോക്കിലെ ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിക്കും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. 

വള്ള്യാട് ഇരിട്ടി-എടക്കാനം റോഡില്‍ പഴശി ജലസേചന വിഭാഗത്തിന്‍റെ 10 ഹെക്ട‌റോളം സ്ഥലത്താണ് നഗരവനം സ്ഥിതി ചെയ്യുന്നത്. സാമുഹ്യ വനവത്കരണ വിഭാഗത്തിന്‍റെ കീഴിലുണ്ടായിരുന്ന ഉണ്ടായിരുന്ന സഞ്ജീവനി ഔഷധ ഉദ്യാനം 40 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് നഗരവനമായി മാറ്റുന്നത്. 

2003 ലാണ് വനംവകുപ്പിന്‍റെ കീഴില്‍ ഔഷധ ഉദ്യാനം സ്ഥാപിക്കുന്നത്. പതിമുഖം, നന്നാറി, തിപ്പലി, രത്നചന്ദനം, ആടലോടകം, വേങ്ങ തുടങ്ങി 25 ഇനങ്ങളിലായി 1000 ത്തോളം ചെടികളാണ് ഔഷധ ഉദ്യാനത്തില്‍ വച്ചുപിടിപ്പിച്ചിരുന്നത്. പിന്നീട് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ഔഷധ ഉദ്യാനം കാടുകയറി നശിച്ചുതുടങ്ങിയിരുന്നു. ഇവയ്ക്ക് പുതുജീവൻ നല്‍കിക്കൊണ്ടാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. നഗരവനം പദ്ധതി പ്രകാരം ഒന്നാംഘട്ടത്തില്‍ പുതുതായി 6000 വൃക്ഷത്തൈകള്‍ കൂടി നട്ടുപിടിപ്പിച്ചു. കൂടാതെ അടിക്കാട് വെട്ടി വൃത്തിയാക്കിയ നഗരവനത്തില്‍ നടപ്പാതകള്‍ നിർമിക്കുകയും ഇരിട്ടി പുഴയുടെ മനോഹരമായ കാഴ്ചകള്‍ ലഭ്യമാകും വിധം 50 ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടിക്കറ്റ് കൗണ്ടറിന്‍റെയും ശുചിമുറി ബ്ലോക്കിന്‍റെയും നിർമാണം പൂർത്തിയായി. 

രണ്ടാംഘട്ടത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ 10 ഹെക്‌ടറിലും നടപ്പാത, ഇന്‍റർലോക്ക് വിരിക്കല്‍, ഊഞ്ഞാലുകള്‍, ഏറുമാടങ്ങള്‍, കുളം എന്നിവയും മൂന്നാംഘട്ടത്തില്‍ സഞ്ചാരികള്‍ക്കായി തുഴ വഞ്ചികള്‍, വനംവകുപ്പിന്‍റെ ഓഫീസ്, മ്യൂസിയം, ഇന്‍റർപ്രട്ടേഷൻ സെന്‍റർ, പരിസ്ഥിതി ബോധവത്കരണ ക്യാന്പുകള്‍ക്കും ക്ലാസുകള്‍ക്കും ഉള്ള സൗകര്യം, വള്ള്യാട്, പെരുമ്ബറമ്ബ് പാർക്കുകളെ ബന്ധിപ്പിച്ചും ഇരിട്ടി-എടക്കാനം റോഡിലേക്കും പഴശി സംഭരണി ജലാശയത്തിനു മുകളിലൂടെ തൂക്കുപാലം എന്നിവ നിർമിക്കും.

വള്ള്യാട് ഗ്രാമഹരിത സമിതിക്കാണ് ഉദ്യാനത്തിന്‍റെ നടത്തിപ്പു ചുമതല. മുൻ നഗരസഭാ അധ്യക്ഷൻ പി.പി. അശോകൻ പ്രസിഡന്‍റായ സമിതിയില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ എം.ഡി. സുമതിയാണ് സെക്രട്ടറി. നഗരവനത്തിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തും.

Post a Comment

Previous Post Next Post
Join Our Whats App Group