Join News @ Iritty Whats App Group

പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും; എതിർത്ത് കക്ഷി ചേരാൻ നവീൻ ബാബുവിന്റെ കുടുംബം


കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. അതേസമയം നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും.

വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.

ദിവ്യക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ ശരിവെച്ചാണ് കോടതി ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തളളിയത്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളഞ്ഞു. അതിനിടെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് വ്യക്തമായേക്കും.

Post a Comment

Previous Post Next Post
Join Our Whats App Group