Join News @ Iritty Whats App Group

സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്


തിരുവനന്തപുരം:പാറശ്ശാലയിൽ വ്ലോഗമാരായ ദമ്പതികളെ വീട്ടിനുള്ള മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ചെറുവാരക്കോണം സ്വദേശികളായ സെൽവരാജും പ്രിയലതയുമാണ് മരിച്ചത്. പ്രിയയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷമാണ് ശെൽവരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും പൊലീസ് പറഞ്ഞു. 

പ്രിയയെ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം സെല്‍വരാജ് തൂങ്ങി മരിക്കുകയായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിച്ചു. പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. കുടുംബ പ്രശ്ങ്ങളും സാമ്പത്തിക ബാധ്യതകളുമടക്കം അന്വേഷിക്കുകയാണെന്നും ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മകളുടെ വിവാഹശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.


സെല്ലു ഫാമിലി എന്ന സ്വന്തം യൂട്യൂബ് ചാനലിൽ പ്രിയ ലത കഴിഞ്ഞ വെള്ളിയാഴ്ചയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി കുക്കറി ഷോയും വീട്ടുവിശേഷങ്ങളും പങ്കുവെച്ചിരുന്ന ദമ്പതികളുടെ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. വിടപറയുകയാണ് ഈ ജീവിതം എന്ന ഗാനത്തോടൊപ്പം ഇവരുടെ ചിത്രങ്ങള്‍ ഒന്നിച്ചുവെച്ചുള്ള വീഡിയോ ആണ് അവസാനമായി പങ്കുവെച്ചത്. കൊച്ചിയിൽ മെയിൽ നഴ്സായി ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച പ്രിയ ഫോണിൽ സംസാരിച്ചിരുന്നു.

പ്രിയയുടെ അമ്മയുമായും സംസാരിച്ചു. പിന്നീട് മകൻ അമ്മയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സെൽവരാജിന്‍റെ മൃതദേഹം. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു പ്രിയ.നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. വൈകിട്ടോടെയാണ് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായത്.

Post a Comment

Previous Post Next Post
Join Our Whats App Group