Join News @ Iritty Whats App Group

മുകളിലെ മുറിയില്‍ പലപ്പോഴായി പോകും, അലമാര തുറക്കും; ശാന്തയെ ആരും സംശയിച്ചില്ല; തൊണ്ടിമുതലിന്‍റെ ഒരുഭാഗം കിട്ടി,എം ടി വാസുദേവന്‍ നായരുടെ വീട്ടിലെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടിലെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍പ്പന നടത്തിയ കോഴിക്കോട്ടെ മൂന്ന് കടകളിലായിരുന്നു തെളിവെടുപ്പ്. തൊണ്ടിമുതലിന്‍റെ ഒരു ഭാഗം കണ്ടെടുത്തു. പ്രതികളായ പാചകക്കാരി ശാന്ത ഇവരുടെ അകന്ന ബന്ധു കൂടിയായ പ്രകാശന്‍ എന്നിവരുമായാണ് കമ്മത്ത് ലൈനിലെ മൂന്നു കടകളില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഈ കടകളിലാണ് മോഷ്ടിച്ച സ്വര്‍ണ്ണം വിറ്റതെന്ന് പ്രതികള്‍ നേരത്തെ നടക്കാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

തൊണ്ടി മുതലിന്‍റെ ഒരു ഭാഗം കിട്ടിയെന്ന് പൊലീസ് അറിയിച്ചു. നാലുവര്‍ഷക്കാലയളവിലായിരുന്നു വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ ഘട്ടം ഘട്ടമായി പാചകക്കാരി ശാന്ത എടുക്കുകയും വില്‍പന നടത്താനായി പ്രകാശന് കൈമാറുകയും ചെയ്തത്. വില്‍പ്പന നടത്തിയ ചില ആഭരണങ്ങള്‍ കടക്കാര്‍ ഉരുക്കിമാറ്റുകയോ മറ്റുള്ളവര്‍ക്ക് മറിച്ചു വില്‍പ്പന നടത്തുകയോ ചെയ്തിട്ടുണ്ട്.

അതു കൊണ്ട് തന്നെ മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെടുക്കുക പൊലീസിന് ബുദ്ധിമുട്ടാകും. രണ്ടു ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ പൊലീസിന് ലഭിച്ചിരിക്കുന്നത്. മോഷണത്തില്‍ മറ്റാര്‍ക്കും പങ്കില്ല. വസ്ത്രം കൊണ്ടു വയ്ക്കാനും സഹായത്തിനുമായി എംടിയുടെ വീട്ടിലെ മുകളിലത്തെ നിലയിലെ മുറിയില്‍ പലപ്പോഴായി പ്രവേശിക്കാറുള്ള ശാന്ത അലമാരയുടെ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് വളയും മോതിരവുമൊക്കെ എടുത്തിരുന്നത്.

കഴി‍ഞ്ഞ മാസമാണ് കൂടുതല്‍ ആഭരണങ്ങള്‍ നഷ്ടമായത്. ഇതോടെയാണ് വീട്ടുകാരില്‍ സംശയം ജനിച്ചത്. മകള്‍ ലോക്കറിലേക്ക് ആഭരണങ്ങള്‍ മാറ്റി എന്നായിരുന്നു ആദ്യം കരുതിയതെങ്കിലും മോഷണം നടന്നു എന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അലമാരയുടെ പൂട്ടുപൊളിക്കുകയോ മറ്റോ ചെയ്യാത്തതിനാല്‍ വീട്ടുകാരുമായി അടുപ്പമുള്ളവരെയും വന്നുപോയവരെയും കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസ് അന്വേഷണം.

Post a Comment

Previous Post Next Post
Join Our Whats App Group